ന്യുയോര്‍ക്ക്: ഇലോണ്‍ മസ്ക്കിന്റെ സംരംഭമായ ന്യൂറാലിങ്ക് കമ്പനി നിര്‍മ്മിച്ച ബ്രെയിന്‍ ചിപ്പിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിനായി വോളണ്ടയര്‍മാരുടെ റിക്രൂട്ടിക് നടപടികള്‍ ആരംഭിച്ചു. പക്ഷാഘാതം ബാധിച്ച രോഗികളെയാണ് ട്രയലിനായി തിരഞ്ഞെടുക്കുക. ആറ് വര്‍ഷം നീളുന്ന ട്രയലിലേക്ക് എത്ര പേരെ തിരഞ്ഞെടുക്കുമെന്ന് വ്യക്തമല്ല. ചിപ്പിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിനുള്ള യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രീസിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.
നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ മനുഷ്യനെയും കമ്പ്യൂട്ടറിനെയും ബന്ധിപ്പിക്കുകഎന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ചവയാണ് ഈ ബ്രെയിന്‍ ചിപ്പുകള്‍. ഇതുവരെ ബ്രെയിന്‍ ചിപ്പിന്റെ മൃഗങ്ങളിലെ പരീക്ഷണം തുടരുകയായിരുന്നു. ചലന ശേഷി നഷ്ടമായവര്‍ക്ക് ആശയ വിനിമയം നടത്തുവാനും പരസഹായമില്ലാതെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും ചിപ്പുകള്‍ സഹായിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പാര്‍ക്കിന്‍സണ്‍സ്, ഡിമെന്‍ഷ്യ, അല്‍ഷൈമേഴ്സ് രോഗികളിലെ ഓര്‍മ്മകള്‍ ശേഖരിക്കാനും അവ റീസ്റ്റോര്‍ ചെയ്യാനും ഈ ചിപ്പുകളിലൂടെ ലക്ഷ്യമിടുന്നു. 2016-ലാണ് മസ്ക് ന്യൂറാലിങ്ക് സ്ഥാപിച്ചത്. മനുഷ്യരെയും യന്ത്രങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഹൈബാന്‍ഡ് വിഡ്ത് ബ്രെയിന്‍ മെഷീന്‍ ഇന്റര്‍ഫേസുകള്‍ വികസിപ്പിച്ച് അതിലൂടെ മനസുകൊണ്ടും ചിന്തകള്‍കൊണ്ടും മനുഷ്യനും ഉപകരണവും തമ്മില്‍ ആശയവിനിമയം സാദ്ധ്യമാക്കുകയാണ് ന്യൂറാലിങ്ക് ബ്രെയിന്‍ ചിപ്പുകളുടെ ലക്ഷ്യം.
