ചെന്നൈ: ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവും പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥൻ (98) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.
ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ചതിന്റെ പ്രധാന കാരണക്കാരൻ അദ്ദേഹമായിരുന്നു. സ്വാമിനാഥന്റെ പരിഷ്കാരങ്ങളാണ് രാജ്യത്തെ പട്ടിണി മാറ്റിയത്. 1943ലെ ബംഗാൾ ക്ഷാമത്തിൽ പട്ടിണിമരണങ്ങൾ നേരിട്ടുകണ്ട അദ്ദേഹം ലോകത്തിന്റെ പട്ടിണി നിർമാർജനം ചെയ്യാൻ ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു. ഗോതമ്പിന്റെയും നെല്ലിന്റെയും അത്യുല്പാദന ശേഷിയുള്ള വിത്തുകൾ സൃഷ്ടിച്ചുകൊണ്ടാണ് അദ്ദേഹം ഇന്ത്യയുടെ ഭക്ഷ്യമേഖലക്ക് അതുല്യമായ സംഭാനകൾ നൽകിയത്.
മലയാളി കൂടിയായ അദ്ദേഹത്തെ പദ്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ചിരുന്നു. യു.എസ ശാസ്ത്രോപദേശക സമിതി അധ്യക്ഷനായിരുന്ന സ്വാമിനാഥന് ഇന്ത്യയിലും വിദേശത്തുമായി 84 ഓണററി ഡോക്ടറേറ്റുകൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ആസൂത്രണ കമ്മീഷൻ അംഗമായും പ്രവർത്തിച്ചിരുന്നു.
ആദ്യ ലോക ഭക്ഷ്യ പുരസ്‌കാരം നേടിയ ശാസ്ത്രജ്ഞൻ കൂടിയായ അദ്ദേഹം റമൺ മാഗ്സസെ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
