Ultimate magazine theme for WordPress.

ആദ്യമായി ആംഗ്യഭാഷയില്‍ വാദം കേട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി : ആദ്യമായി ആംഗ്യഭാഷയില്‍ വാദം കേട്ട് സുപ്രീംകോടതി. അഭിഭാഷക സാറ സണ്ണിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് മുമ്പാകെ ആംഗ്യഭാഷയില്‍ വാദിച്ചത്. ഓണ്‍ലൈനിലൂടെയായിരുന്നു വാദം കേള്‍ക്കല്‍. ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് വെള്ളിയാഴ്ച നടന്ന വിര്‍ച്വല്‍ ഹിയറിങ്ങില്‍ ബധിരയും മൂകയുമായ അഡ്വ. സാറ സണ്ണി അവതരിപ്പിച്ചത്. സഹായിയായി ആംഗ്യഭാഷ പരിഭാഷപ്പെടുത്താനുള്ള ആളുമുണ്ടായിരുന്നു.

വിര്‍ച്വല്‍ ഹിയറിങ്ങില്‍ അഭിഭാഷക സാറ സണ്ണിയുടെ പരിഭാഷകനായ സൗരവ് റോയ്ചൗധരി മാത്രമായിരുന്നു ആദ്യം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. അഭിഭാഷകയുടെ ആംഗ്യങ്ങള്‍ ഇദ്ദേഹം കോടതിക്കും, തിരിച്ചും പരിഭാഷപ്പെടുത്തി. കോടതിക്ക് ഇരുവരുടെയും വാദം പുതിയ അനുഭവമാണ് നല്‍കിയത്. നീതി ലഭിക്കാന്‍ എല്ലാവര്‍ക്കും ഒരേപോലെ അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള ആശയവിനിമയത്തിന്റെ വേഗതയില്‍ താന്‍ ആശ്ചര്യപ്പെട്ടുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഭിന്നശേഷിക്കാരെ കൂടുതല്‍ പരിഗണിക്കണമെന്നും, അവര്‍ക്ക് വേഗം നീതി നടപ്പാക്കി കൊടുക്കണമെന്നും കഴിഞ്ഞ വര്‍ഷം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് ഉത്തരവിട്ടിരുന്നു. ഭിന്നശേഷിക്കാരായ രണ്ട് പെൺകുട്ടികളുടെ വളർത്തു പിതാവ് കൂടിയാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്.

Sharjah city AG