കീവ് :യുക്രെയിൻ യുദ്ധ സമയത്ത് പ്രദേശങ്ങളിൽ നിന്ന് റഷ്യ തട്ടിക്കൊണ്ടുപോയ ആയിരക്കണക്കിന് കുട്ടികളെ തിരിച്ചെത്തിക്കാൻ സഹായിക്കണമെന്ന് ലോക നേതാക്കളോട് യുക്രെയ്ൻ. തട്ടിക്കൊണ്ടു പോയതിൽ അമ്പതോളം കുട്ടികൾ ബെലാറസ് ഫ്ലാഗിന് സല്യൂട്ട് ചെയ്യുന്ന ചിത്രങ്ങൾ രാജ്യത്തെ സ്റ്റേറ്റ് മീഡിയ പുറത്ത് വിട്ടതിന് പിന്നാലെയാണ് യുക്രെയ്‌ന്റെ പ്രഥമ വനിത ഒലീന സെലെൻസ്കയുടെ അഭ്യർഥന.
19,000-ത്തിലധികം യുക്രേനിയൻ കുട്ടികളെ റഷ്യയിലേക്കോ അവരുടെ അധീനതയിലുള്ള പ്രദേശങ്ങളിലേക്കോ നിർബന്ധിതമായി മാറ്റുകയോ നാടുകടത്തുകയോ ചെയ്തതായി യുഎൻ ജനറൽ അസംബ്ലിയിൽ (യുഎൻജിഎ) സംസാരിച്ച സെലെൻസ്‌ക പറഞ്ഞു. ഇതുവരെ 386 പേരെ മാത്രമാണ് തിരികയെത്തിച്ചത്.
ഡൊനെറ്റ്സ്ക്, ലുഹാൻസ്ക്, സപ്പൊറീയേഷ മേഖലകളിൽ നിന്നാണ് ആറായിരത്തോളം യുക്രെയ്നിയൻ കുട്ടികളെ റഷ്യ അനധികൃതമായി കടത്തിക്കൊണ്ട് പോയത്. ബെലാറസ് സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ബെൽറ്റ പ്രസിദ്ധീകരിച്ച ഫോട്ടോകളിൽ അമ്പതോളം യുക്രെയ്ൻ കുട്ടികൾ ബെലാറസിന്റെ ചുവപ്പും പച്ചയും കലർന്ന പതാക കയ്യിൽ പിടിച്ചിരിക്കുന്നതും സല്യൂട്ട് ചെയ്യുന്നതുമായ ചിത്രങ്ങൾ ഉൾപ്പെടുന്നു. മൂന്നാഴ്ച അവധിക്ക് കുട്ടികൾ രാജ്യത്തെത്തി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബാക്ക്‌പാക്കുകളും സ്യൂട്ട്‌കേസുകളും കൊണ്ട് ട്രെയിനിൽ നിന്ന് ഇറങ്ങുന്ന കുട്ടികളുടെ ചിത്രവും ഇവർ പുറത്ത് വിട്ടിട്ടുണ്ട്.
