മുംബൈ: കുടുംബത്തിലെ ഉത്തരവാദിത്തളെല്ലാം ഭാര്യയും ഭർത്താവും ഒന്നിച്ചാണ് ചെയ്യേണ്ടതെന്നും വീട്ടുജോലി ഭാര്യയുടെ മാത്രം ചുമതലയെന്ന് കരുതുന്നത് പിന്തിരിപ്പൻ മനോഭാവമാണെന്നും ബോംബെ ഹൈക്കോടതി. ജസ്റ്റിസുമാരായ ശർമിള ദേശ്മുഖ്, നിതിൻ സാംബ്രെ എന്നിവരടങ്ങിയ ബെഞ്ചിന്റെതായിരുന്നു നിരീക്ഷണം.
ഭാര്യ വീട്ടുജോലി ചെയ്യാത്തതിനാൽ തനിക്കു ഭക്ഷണം കഴിക്കാതെ ഓഫിസിൽ പോകേണ്ടിവരുന്നുവെന്നായിരുന്നു പുണെ സ്വദേശിയായ മുപ്പത്തിയഞ്ചുകാരന്റെ ആരോപണം. ഓഫിസിൽ നിന്ന് വന്നാലും വീട്ടിലെ ജോലികൾ മുഴുവൻ ചെയ്തു തീർക്കാൻ നിർബന്ധിതയായിരുന്നുവെന്ന് ഭാര്യയും കോടതിയിൽ പറഞ്ഞു. ഇത് നിമിത്തം നിരവധി തവണ ശാരീരികമായി ഭർത്താവ് മർദ്ദിച്ചിരുന്നതായും അവർ പരാതിപ്പെട്ടു.
2010 ലാണ് ഈ ഉദ്യോഗസ്ഥ ദമ്പതികൾ വിവാഹിതരായത്. എന്നാൽ കഴിഞ്ഞ പത്ത് വർഷമായി അകന്നു ജീവിക്കുകയാണ്.
ഭാര്യ കൂടുതൽ സമയം ചെലവഴിക്കുന്നത് സ്വന്തം അമ്മയുമായി ഫോണിൽ സംസാരിക്കാനാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ മാതാപിതാക്കളുമായുള്ള ബന്ധം വിവാഹശേഷം സ്ത്രീകൾ ഉപേക്ഷിക്കുമെന്നു കരുതരുതെന്നായിരുന്നു കോടതിയുടെ പ്രസ്താവന.
2018ൽ ഹർജി കുടുംബക്കോടതി തള്ളിയതിനെ തുടർന്നാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്.
