സമീപവർഷങ്ങളില്‍ അന്റാർട്ടിക്കയിലെ കടല്‍ മഞ്ഞിന്റെ അളവ് വ്യാപകമായി കുറയുന്നെന്ന് പഠനം. കാലാവസ്ഥാ വ്യതിയാനം കാര്യമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നെന്നാണ് പഠനം വ്യക്തമാക്കുന്നത്. നിലവിൽ കടല്‍ മഞ്ഞിന്റെ അളവ് റെക്കോർഡ് താഴ്ചയിൽ ആണുള്ളത്.
ഓസ്ട്രേലിയയിലെ ശാസ്ത്രജ്ഞരുടെ പഠനം അനുസരിച്ച് അന്റാർട്ടിക്കയിലെ അന്തരീക്ഷവും കടല്‍ മഞ്ഞും തമ്മിലുള്ള ബന്ധം തകർന്ന നിലയിലാണ്. ആഗോളതാപനം വർധിച്ചിട്ടും വർഷങ്ങളോളം കടൽ മഞ്ഞിന്റെ അളവില്‍ കുറവ് വന്നിരുന്നില്ലെങ്കിലും, ദീർഘ കാലങ്ങളായി പ്രവചിച്ചിക്കപ്പെട്ടിരുന്ന ഇടിവാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. മൊണാഷ് യൂണിവേഴ്സിറ്റിയുടെ സെക്യൂറിംഗ് അന്റാർട്ടിക്കയുടെ എൻവയോൺമെന്റൽ ഫ്യൂച്ചർ ടീമിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഏരിയൻ പുരിചാക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. പഠനത്തിൽ കണ്ടെത്തിയ കാര്യങ്ങൾ ഭയപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1978 മുതൽ 2023 വരെയുള്ള സമുദ്രത്തിലെ ഹിമപാതത്തിന്റെ പ്രത്യേക ഡേറ്റ വിശകലനം ചെയ്തതിലൂടെ, ഐസ് പാറ്റേണുകൾ മാറിയെന്ന് വ്യക്തമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.
