ഇസ്‌ലാമാബാദ്: മതനിന്ദ ആരോപിച്ച് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ കത്തിച്ച സംഭവത്തില്‍ നൂറിലധികം പേരെ അറസ്റ്റ് ചെയ്തു. 21 പള്ളികള്‍ കത്തിക്കുകയും നിരവധി വീടുകള്‍ ആക്രമിക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി. രണ്ട് ക്രിസ്ത്യാനികള്‍ ഖുറാന്‍ കീറിയതായി ആരോപിച്ചാണ് ബുധനാഴ്ച ഫൈസലാബാദ് ജില്ലയിലെ ജറന്‍വാല തഹ്സിലിലെ ക്രിസ്ത്യാനികളുടെ നിരവധി പള്ളികളും വീടുകളും ജനക്കൂട്ടം ആക്രമിച്ചത്.
ജറന്‍വാലയിലെ സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച്, യുണൈറ്റഡ് പ്രിബൈസ്റ്റേറിയന്‍ ചര്‍ച്ച്, അലൈഡ് ഫൗണ്ടേഷന്‍ ചര്‍ച്ച്, ഷെറുണ്‍ വാല ചര്‍ച്ച് തുടങ്ങിയവയാണ് കത്തിച്ചത്. മതനിന്ദ ആരോപിച്ച് ക്രിസ്ത്യാനികളുടെ വീടുകളും പള്ളികളും ആക്രമിച്ചതിന് തീവ്രവാദ ഗ്രൂപ്പായ തെഹ്രീക്-ഇ-ലബ്ബയ്ക് പാകിസ്ഥാന്‍ (ടി.എല്‍.പി) പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറിലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു.ജറന്‍വാലയിലെ ന്യൂനപക്ഷ സമുദായക്കാരുടെ പള്ളികള്‍ക്കും വീടുകള്‍ക്കും നേരെയുണ്ടായ അക്രമത്തില്‍ 100ലധികം അക്രമികളെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തീവ്രവാദം, മതനിന്ദ എന്നീ കുറ്റങ്ങള്‍ ചുമത്തി സംശയിക്കപ്പെടുന്ന 600 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അക്രമം നടന്നയിടത്ത് സമാധാനം പുനഃസ്ഥാപിച്ചു. ന്യൂനപക്ഷ ക്രിസ്ത്യന്‍ സമൂഹത്തിന്റെ പള്ളികള്‍ക്കും വീടുകള്‍ക്കും പുറത്ത് പൊലീസിന്റെ കനത്ത സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്,’ പഞ്ചാബ് കെയര്‍ടേക്കര്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അമീര്‍ മിര്‍ പറഞ്ഞു. വിഷയത്തില്‍ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
