പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന സൂചന നൽകി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി ക്ഷാമത്തെത്തുടർന്ന് പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉയർന്ന നിരക്ക് നൽകി വൈദ്യുതി വാങ്ങുമ്പോൾ സംസ്ഥാനത്തെ നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മഴ കുറഞ്ഞതിനാൽ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി സംസ്ഥാനം നേരിടുന്നുണ്ട്. 30 ശതമാനത്തിൽ താഴെ മാത്രമാണ് ഡാമുകളിൽ വെള്ളം ഉള്ളത്. അത് വൈദ്യുതി ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജലവൈദ്യുത പദ്ധതികൾ തുടങ്ങുന്നതാണ് പരിഹാരമാർഗം. ജലവൈദ്യുത പദ്ധതികൾ നടപ്പായാൽ വൈദ്യുതി പുറത്തേക്ക് വിൽക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വൈദ്യുതി വാങ്ങുന്നത് ഉയർന്ന വില കൊടുത്താണെങ്കിൽ അത് ഗുണഭോക്താക്കളെ ബാധിക്കുമെന്നും അധികം വൈകാതെ ഇക്കാര്യത്തിൽ തീരുമാനമാകുമെന്നും മന്ത്രി പറഞ്ഞു
