മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി പൊതുസ്ഥലത്ത് നടത്തിയ സംഭവത്തിൽ അഞ്ച് പോലീസുകാരെ സസ്പെൻഡ് ചെയ്തു. കൊടുംക്രൂരതയുടെ വീഡിയോ പുറത്തുവന്ന കഴിഞ്ഞമാസം 19നു തന്നെ തൗബാലിലെ നോങ്പോക് സെക്മായി പോലീസ് സ്റ്റേഷന്റെ ചുമതലക്കാരൻ ഉൾപ്പെടെ അഞ്ച് പേരെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.
ബിഷ്ണുപുരിൽ കഴിഞ്ഞ മൂന്നാംതീയതി ആയുധങ്ങൾ കൊള്ളയടിച്ച സംഭവത്തെക്കുറിച്ച് ഐജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്താനും നിർദേശമുണ്ട്. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നും പോലീസ് മേധാവിയുടെ ഉത്തരവിൽ പറയുന്നു. കലാപം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. വിവിധ കുറ്റങ്ങൾ ചുമത്തി മുന്നൂറോളം ആളുകളെ അറസ്റ്റ് ചെയ്തു. ഒട്ടേറെ കേസുകൾ രജിസ്റ്റർ ചെയ്തു. ഇവയെല്ലാം പരിശോധിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
