ലഖ്‌നൗ : ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാൻ നിർബന്ധിച്ചതായി ആരോപിച്ചു ലഖ്‌നൗ സ്വദേശികളായ ദമ്പതികളെ ബരാബങ്കി പോലീസ് അറസ്റ്റ് ചെയ്തു. ദമ്പതികളായ ഹരേന്ദ്ര സിംഗും പ്രിയയും, ബാരാബങ്കിയിലെ ഹൈദർഗഡ് ഏരിയയിലെ നവജ്യോതി പ്രദേശത്തെ വാടകമുറിയിൽ പ്രാർത്ഥനായോഗം സംഘടിപ്പിച്ചപ്പോൾ നാട്ടുകാർ പോലീസിനെ അറിയിക്കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു.
ദമ്പതികൾ ഗ്രാമീണരെ അവരുടെ വാടക മുറിയിലേക്ക് ക്ഷണിക്കുകയും അവരോട് ക്രിസ്തുമതം സ്വീകരിക്കാൻ പറയുകയും ചെയ്തെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്. ഹൈദർഗഡിലെ ഗംഗാപൂർ സൻസാര ഗ്രാമത്തിലെ മഹാവീർ സിങ്ങും ഘോർകോയ ഗ്രാമത്തിലെ രണ്ട് കൗമാരക്കാരായ പെൺകുട്ടികളും ദമ്പതികളിൽ നിന്ന് പാഠങ്ങൾ പഠിക്കുന്നതായും പോലീസ് ആരോപിച്ചു. ഇവരുടെ പക്കൽ നിന്ന് സുവിശേഷപ്രതികളും ഗ്രന്ഥങ്ങളും കണ്ടെടുത്തതായി ഹൈദർഗഡ് എസ്എച്ച്ഒ ലാൽ ചന്ദ് സരോജ് വാദിച്ചു. ദമ്പതികൾ പശ്ചിമ ബംഗാൾ ആസ്ഥാനമായുള്ള ഒരു ക്രിസ്ത്യൻ മിഷനറി സംഘടനയിൽ പ്രവർത്തിക്കുന്നവരാണ്. ഗ്രാമവാസിയായ ഒരാളുടെ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് സരോജ് പറഞ്ഞു.
കഴിഞ്ഞ ഏഴ് മാസത്തിനിടെ ഉത്തർപ്രദേശിൽ ഗ്രാമീണരെ നിർബന്ധിച്ച് ക്രിസ്ത്യാനികളാക്കി എന്നാരോപിച്ച് 70 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബഹ്‌റൈച്ചിൽ നിന്ന് മാത്രം 35 പേർ അറസ്റ്റിലായി. ജൂണിൽ ഉത്തർപ്രദേശിലെ ഗ്രാമപ്രദേശങ്ങളിൽ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഏഴ് വ്യത്യസ്ത കേസുകളിലായി 31 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
