ഡൽഹി : മണിപ്പൂരില്‍ സംഭവിച്ചത് ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. മറ്റ് സ്ഥലങ്ങളിലും ഇത് സംഭവിക്കുന്നുണ്ടെന്ന് പറഞ്ഞ് ന്യായീകരിക്കരുതെന്നും കോടതി പറഞ്ഞു.
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച കേസ് പരിഗണിക്കവേ ബംഗാളിലും, രാജസ്ഥാനിലും, ഛത്തീസ്ഗഡിലും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന ഒരു അഭിഭാഷകന്റെ വാദത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ എല്ലാ ഭാഗങ്ങളിലും നടക്കുന്നുണ്ടെന്ന വസ്തുത പറഞ്ഞിട്ട് ഒരു നേട്ടവുമില്ല. മറ്റ് സ്ഥലങ്ങളിലും കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞ് നിങ്ങള്‍ക്ക് മണിപ്പൂരിലെ സംഭവങ്ങളെ ന്യായീകരിക്കാന്‍ പറ്റില്ല.
മണിപ്പൂരിനെ എങ്ങനെയാണ് നാം സമീപിക്കുന്നതെന്നതാണ് ചോദ്യം. ഇന്ത്യയിലെ എല്ലാവരെയും സംരക്ഷിക്കുവെന്നാണോ അതോ ആരെയും സംരക്ഷിക്കരുതെന്നാണോ നിങ്ങള്‍ പറയുന്നത്?’ ചന്ദ്രചൂഡ് ചോദിച്ചു.
മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സംഭവിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരാതികള്‍ ഫയല്‍ ചെയ്യപ്പെടുന്നുവെന്നും എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കാനും ഞങ്ങള്‍ ഒരു സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ എത്ര എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ചന്ദ്രചൂഡ് അറ്റോര്‍ണി ജനറലിനോട് ചോദിച്ചു.
അതേസമയം മണിപ്പൂരില്‍ എത്ര കേസുകള്‍ നടക്കുന്നുവെന്ന ഡാറ്റ പോലും സര്‍ക്കാരിന്റെ പക്കലില്ലെന്ന് കുകി വനിതകള്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു.
