മനുഷ്യരാശിയുടെ എക്കാലത്തേയും അവസാനിക്കാത്ത അന്വേഷണമാണത് ഭൂമിക്ക് പുറത്ത് ജീവന് സാധ്യതയുണ്ടെന്ന് തെളിയിക്കുന്ന ഏതൊരു കണ്ടെത്തലും. ഭൂമിക്ക് അടുത്തുള്ള ഗ്രഹമായ ശുക്രനില്‍ നിന്നും അത്തരമൊരു കണ്ടെത്തലുമായി ഗവേഷകര്‍. ഫോസ്‌ഫൈന്‍ കണ്ടെത്തിയത് ആണ് അതീവ സന്തോഷത്തോടെ ഗവേഷകര്‍ പങ്കുവെച്ചിരിക്കുന്നത്.
ജൈവിക പ്രവര്‍ത്തനങ്ങളില്‍ നിന്നോ ലബോറട്ടറികളില്‍ രാസപ്രവര്‍ത്തനം നടത്തിയോ മാത്രം ഉണ്ടാകുന്ന ഫോസ്‌ഫൈന്‍ ആണ് ഇപ്പോൾ ശുക്രന്‌റെ അന്തരീക്ഷത്തില്‍ ഉണ്ടായിരിക്കുന്നത് . വെയില്‍സിലെ കാര്‍ഡിഫ് സര്‍വകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് 2020 സെപ്തംബറില്‍ ശുക്രനില്‍ ആദ്യമായി ഫോസ്‌ഫൈന്‍ സാന്നിധ്യം കണ്ടെത്തിയത്. ശുക്രന്റെ മേഘങ്ങളിലായിരുന്നു ഇവയുണ്ടായത്. ശാസ്ത്രജ്ഞയായ ജെയ്ന്‍ ഗ്രീവ്സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തൽ നടത്തിയത്.
പക്ഷേ ശുക്രന് അടുത്ത് ചെന്ന് നടത്തിയ പരീക്ഷണത്തില്‍ ഫോസ്‌ഫൈന്‍ കണ്ടെത്താനായില്ല. എയര്‍ക്രാഫ്റ്റില്‍ ഘടിപ്പിച്ച സോഫിയ എന്ന ഫാര്‍ ഇന്‍ഫ്രാ റെഡ് ടെലസ്‌കോപ് പലതവണ സമീപത്ത് കൂടി പറന്നകന്നെങ്കിലും ഫോസ്‌ഫൈന്‍ സാന്നിധ്യം ഉറപ്പിക്കാനായില്ല. ഇങ്ങനെ അസ്തമിച്ച പ്രതീക്ഷകള്‍ വീണ്ടും സജീവമായിരിക്കുകയാണ്.
ശുക്രന്റെ അന്തരീക്ഷത്തിന്‌റെ താഴെ ഭാഗത്ത് നിന്നാണ് ഫോസ്ഫൈന്‍ വരുന്നതെന്നാണ് പുതിയ കണ്ടെത്തല്‍. അതിലും പ്രധാന കാര്യം ഈ ഫോസ്‌ഫൈന്‍ എങ്ങനെ ഉണ്ടാകുന്നു എന്നതാണെന്ന് ഗ്രീവ്‌സ് പറഞ്ഞു. വളരെ കുറഞ്ഞ അളവില്‍ ഓക്‌സിജന്‍ ഉള്ള ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന സൂക്ഷ്മ ജീവികളാണ് ഭൂമിയില്‍ ഫോസ്‌ഫൈന്‍ ഉത്പാദിപ്പിക്കുന്നത്. ഭൂമിയില്‍ മറ്റ് മാര്‍ഗങ്ങളില്‍ ഇവ ഉത്പാദിപ്പിക്കപ്പെടുന്നില്ല. അതിനാല്‍ ജീവൻ ഉണ്ടെന്നതിന്റെ സൂചകമാണ് ഫോസ്‌ഫൈന്‍ എന്നാണ് പൊതുവിലുള്ള ധാരണ.
475 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള ശുക്രന്റെ ഉപരിതലം വാസയോഗ്യമല്ല. എന്നാല്‍ ഉപരിതലത്തില്‍ നിന്ന് ഏതാണ്ട് 50 കിലോമീറ്ററോളം മുകളില്‍ ഭൂമിക്ക് സമാനമായ ചൂടാണ്. ഇവിടെ ജീവന് സാധ്യതയുണ്ടോ എന്നാണ് ഗവേഷകരുടെ അന്വേഷണം. എന്നാല്‍ ചില അജൈവ പ്രവര്‍ത്തനങ്ങളിലൂടെയും ഫോസ്‌ഫൈന്‍ ഉണ്ടാകാം എന്ന വിലയിരുത്തല്‍ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ക്ക് ഉണ്ട്. അതിനാല്‍ ഫോസ്‌ഫൈന്‍ സാന്നിധ്യം കൊണ്ടുമാത്രം ശുക്രനില്‍ ജീവന്റെ സാന്നിധ്യമുണ്ടെന്ന നിഗമനത്തില്‍ എത്താനാകില്ലെന്നാണ് ഇവരുടെ വാദം. എന്തായാലും ശുക്രനെ കുറിച്ച് കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്ന തോന്നല്‍ എല്ലാ കോണിലുള്ളവര്‍ക്കും ഉണ്ട്.
ഗ്രഹാന്തര പര്യവേഷണത്തില്‍ ശുക്രന് പ്രധാന സ്ഥാനം ലഭിച്ചത് ഈ കണ്ടെത്തലിന് ശേഷമാണ്. നാസയുടെ വെറിറ്റസ്, ഡാവിന്‍സി ദൗത്യങ്ങളും യൂറോപ്പിന്റെ വരാനിരിക്കുന്ന എന്‍വിഷന്‍ ഓര്‍ബിറ്റര്‍ ദൗത്യവുമെല്ലാം, ശുക്രനെ കുറിച്ചും അതിലെ ഫോസ്‌ഫൈന്‍ സാന്നിധ്യത്തെ കുറിച്ചും കൃത്യമായ അറിവ് നല്‍കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍.
