ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ ഇന്ന് കേരളത്തിൽ നിന്നും ദൃശ്യമാകും
തിരുവനന്തപുരം: ഇന്ന് വൈകുന്നേരം കേരളത്തിൽ നിന്നും അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഇന്റർനാഷണൽ സ്പെയ്സ് സെന്റർ) നഗ്നനേത്രങ്ങൾ കൊണ്ട് വ്യക്തമായി കാണാൻ കഴിയും. ഒരു വർഷത്തിനിടയിൽ ഇത്രയും ശോഭയിലും (മാഗ്നിറ്റ്യൂഡ് -4.5) ഇത്രയും ഉന്നതിയിലും (ആൾറ്റിറ്റ്യൂഡ് – 85.6) ബഹിരാകാശ നിലയം കടന്നു പോകുന്നത് ആദ്യമാണ്. കേരളത്തിലെ ഭൂപ്രകൃതി വ്യതിയാനം അനുസരിച്ച് വൈകുന്നേരം 07.04 മുതൽ 07.10 വരെ തുടക്ക സമയം വ്യത്യാസപ്പെട്ടിരിക്കും. ആറുമിനിറ്റോളം ദൃശ്യവേദ്യമായിരിക്കും. സന്ധ്യയ്ക്ക് ആകാശത്ത് വടക്കുപടിഞ്ഞാറു ഭാഗത്ത് നിന്നും അത്യധികം ശോഭയുള്ള ഒരു നക്ഷത്രം കണക്കെ ഉദിച്ചുയർന്ന് വരുന്ന ഇത് നമ്മുടെ ഉച്ചിയിൽ ചൊവ്വാഗ്രഹത്തിനരികിലൂടെ കടന്നു പോയി തെക്ക് കിഴക്ക് ഭാഗത്ത് അപ്രത്യക്ഷമാകും. ഇതിനിടയിൽ 6 മിനിറ്റ് 41 സെക്കൻ്റ് സമയം ദൃശ്യമാകും. സെക്കൻഡിൽ 7.66 കിലോമീറ്റർ സഞ്ചരിക്കുന്ന ഇത് 92.69 മിനിറ്റിനുള്ളിൽ ഭൂമിയെ ചുറ്റുന്നു. ഇത് ഒരു ദിവസം 15.54 തവണ ഭൂമിയെ ചുറ്റുന്നു. 4,19,455 കിലോഗ്രാം ഭാരം, 72.8 മീറ്റർ നീളവും 108.5 മീറ്റർ വീതിയും. സ്റ്റേഷന്റെ 935 ചതുരശ്ര മീറ്റർ സ്ഥലം അതിലെ അന്തേവാസികൾക്ക് ഉപയോഗിക്കത്തക്കതാണ്. ഇതിന് ആറ് പേരെ ഉൾക്കൊള്ളാൻ കഴിയും, നിലവിൽ ആറ് പേർ സ്റ്റേഷനിൽ ഉണ്ട്.