\’ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടിക്കുന്ന അപകടങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണം\’: ടെക് മേധാവികളോട് വൈറ്റ് ഹൗസ്
വാഷിംഗ്ടൺ: \’ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടിക്കുന്ന അപകട സാധ്യതകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ടെക് മേധാവികളെ കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ച് വൈറ്റ് ഹൗസ്. ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ എന്നിവരുള്‍പ്പെടെ പുതിയ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായുള്ള യോഗത്തില്‍ പങ്കെടുത്തു. ഉത്‌പന്നങ്ങളുടെയും സേവനങ്ങളുടെയും സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം അതിന്റെ നിര്‍മാതാക്കള്‍ക്കാണെന്ന് ബൈഡന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ചാറ്റ് ജിപിടി, ബാർഡ് എന്നിവ ചെലുത്തുന്ന സ്വാധീനത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. \’ ജീവിതരീതിയില്‍ മെച്ചപ്പെട്ട മാറ്റങ്ങൾ കൊണ്ടുവരാന്‍ പുതിയ സാങ്കേതിക വിദ്യകൾക്ക് കഴിവുണ്ട്. എന്നാല്‍ ജനങ്ങളുടെ സുരക്ഷ, സ്വകാര്യത, പൗരാവകാശങ്ങൾ എന്നിവയ്ക്ക് അപകടമുണ്ടാകുന്ന സാഹചര്യം ഉടലെടുക്കരുത്. സുരക്ഷ ഉറപ്പാക്കാന്‍ ധാര്‍മികവും നിയമപരവുമായ ഉത്തരവാദിത്തം കമ്പനികള്‍ക്കുണ്ട്\’\’- യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് വ്യക്തമാക്കി.
