ഇറ്റലിയിൽ ഔദ്യോഗിക ആശയ വിനിമയത്തിന് ഇംഗ്ലീഷിന് വിലക്ക്; ഉത്തരവ് ലംഘിച്ചാൽ 82 ലക്ഷം രൂപ വരെ പിഴ
റോം: ഇംഗ്ലീഷോ മറ്റ് വിദേശ ഭാഷകളോ ഉപയോഗിക്കരുതെന്ന കര്‍ശന തീരുമാനവുമായി ഇറ്റലി. പ്രധാനമന്ത്രി ജിയോര്‍ജിയ മെലോനിയുടെ ‘ബ്രതേഴ്സ് ഓഫ് ഇറ്റലി’ പാര്‍ട്ടിയാണ് പുതിയ നിയനിര്‍മാണം അവതരിപ്പിച്ചത്. ഔദ്യോഗിക ആശയവിനിമയത്തിന് ഏതെങ്കിലും വിദേശ ഭാഷയോ പ്രത്യേകിച്ച് ഇംഗ്ലീഷോ ഉപയോഗിച്ചാല്‍ 90 ലക്ഷം രൂപ വരെ പിഴ ചുമത്താനാണ് തീരുമാനം. ഇംഗ്ലീഷ് ഭാഷ ഇറ്റാലിയന്‍ ഭാഷയെ നശിപ്പിക്കുകയും ഭാഷയുടെ അന്തസ്സ് കുറയ്ക്കുകയും ചെയ്യുകയാണെന്ന് കരടുബില്ലില്‍ പറയുന്നു.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും ഇംഗ്ലീഷ് ഉപയോഗിക്കുന്നത് നിരോധിക്കും. അതേസമയം സ്ഥാപനങ്ങള്‍ക്ക് ഇറ്റാലിയന്‍ ഭാഷാ പതിപ്പ് നല്‍കുമെന്നും ബില്ലില്‍ പറയുന്നുണ്ട്.‘ഫാഷന്റെ കാര്യമല്ല ഇത്. ഫാഷന്‍ വരും, പോകും. എന്നാല്‍, ഇംഗ്ലീഷ് ഭ്രമത്തിന്റെ ആഘാതം സമൂഹത്തിനു മൊത്തത്തിലാണ്.’ എന്ന് കരടുബില്ലില്‍ സൂചിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്കൾ പറയുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്ല് പാസാക്കിയാല്‍ വിദേശഭാഷാ നിരോധനം ഇറ്റലിയില്‍ നിയമമാകും. എന്നാല്‍ ബില്ലിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷവും രംഗത്ത് വന്നു. രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ തകര്‍ക്കുന്നതാണ് ഈ തീരുമാനമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. അന്താരാഷ്ട്ര വിപണിയിലെ മത്സരരംഗത്ത് ഇറ്റലിയെ പിറകോട്ടടിപ്പിക്കാന്‍ ഇത് ഇടയാക്കുമെന്നും വിമര്‍ശനങ്ങളുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ചാറ്റ് ജി.പി.ടി നിരോധിക്കുന്നതായും ഇറ്റലി അറിയിച്ചിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചാറ്റ് ജി.പി.ടിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഗണിച്ചാണ് ചാറ്റ് ജി.പി.ടിക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് ഇറ്റാലിയന്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേറ്റര്‍ അതോറിറ്റി അറിയിച്ചതായി ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചാറ്റ് ജി.പി.ടി നിരോധിക്കുന്ന ആദ്യത്തെ പാശ്ചാത്യ രാജ്യമാണ് ഇറ്റലി. ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ ഇറ്റലിയിലെ പ്രവര്‍ത്തനം മരവിപ്പിച്ചതായി ചാറ്റ് ജി.പി.ടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എ.ഐ പ്രസ്താവനയിറക്കി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇംഗ്ലീഷ് അടക്കമുള്ള വിദേശഭാഷകള്‍ വിലക്കി കൊണ്ടുള്ള ഉത്തരവ് വന്നിരിക്കുന്നത്.
