പൊതുതെരഞ്ഞെടുപ്പിലെ ചൈനീസ് ഇടപെടല്‍; അന്വേഷണത്തിനൊരുങ്ങി കനേഡിയന്‍ സര്‍ക്കാര്‍
ഒട്ടാവ: 2021ൽ കനേഡിയന്‍ പാര്‍ലമെന്റിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ചൈനീസ് ഇടപെടല്‍ നടന്നെന്ന ആരോപണത്തെത്തുടര്‍ന്ന് വിവാദങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇതിനായി പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ആവശ്യമെങ്കില്‍ പ്രത്യേക പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിക്കുമെന്നും ട്രൂഡോ പറഞ്ഞു.
2021 പൊതു തെരഞ്ഞെടുപ്പില്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാനായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിച്ചെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആരോപണം. ഇതുവരെ പുറത്ത് വിട്ടിട്ടില്ലാത്ത റിപ്പോര്‍ട്ടിലാണ് ചൈനയുടെ ഇടപെടലിനെക്കുറിച്ച് പരാമര്‍ശമുള്ളത്. ഇതിന് മേല്‍ സുതാര്യമായ അന്വേഷണമാണ് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ ഈ ആവശ്യം തള്ളിയ ട്രൂഡോ വിഷയത്തില്‍ പഠനം നടത്താനായി അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. താല്‍ക്കാലികമായി ആരോപണത്തെക്കുറിച്ച് അന്വേഷിക്കാനായി ഒരു സ്‌പെഷ്യല്‍ റിപ്പോര്‍ട്ടറെ നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കും. പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കണോ, അതോ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണോ എന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം തീരുമാനിക്കും,’ ട്രൂഡോ പറഞ്ഞു.
