ഇറ്റാലിയൻ വൈദികനെ രാജ്യത്ത് നിന്ന് പുറത്താക്കി നിക്കരാഗ്വേ ഭരണകൂടം
മനാഗ്വേ: ഏകാധിപത്യം നിലനിൽക്കുന്ന നിക്കരാഗ്വേയിലെ ഒര്‍ട്ടേഗ ഭരണകൂടം ഇറ്റാലിയൻ വൈദികനെ രാജ്യത്ത് നിന്ന് പുറത്താക്കി. ഫാ. കോസിമോ ഡാമിയാനോ എന്ന വൈദികനാണ് ഭരണകൂടം രാജ്യത്തു നിന്നും പുറത്താക്കിയത്. ബിഷപ്പ് റോളാണ്ടോ അൽവാരസ് എന്ന മെത്രാന് യാതൊരു കാരണവും കൂടാതെ 26 വർഷവും, നാലു മാസവും ജയിൽ ശിക്ഷ വിധിച്ച നിലപാടിനെതിരെ വിമർശിച്ചതിന്റെ പേരിലാണ് അദ്ദേഹത്തെ രാജ്യത്ത് നിന്ന് പുറത്താക്കിയത്. നിക്കരാഗ്വേയിലെ പൗരന്മാരുമായി ബന്ധപ്പെട്ട കാര്യത്തിൽ അപമാനകരമായ രീതിയിലുള്ള ഇടപെടൽ വൈദികൻ നടത്തിയെന്ന് ആഭ്യന്തര മന്ത്രാലയം പത്രക്കുറിപ്പിൽ ആരോപിച്ചു.
നേരത്തെ 222 ആളുകൾക്ക് ഒപ്പം അമേരിക്കയിലേക്ക് രക്ഷപ്പെടാൻ കഴിഞ്ഞ ദിവസം മതഗൽപ്പ രൂപതയുടെ മെത്രാനായ അൽവാരസിന് അവസരം കിട്ടിയിരുന്നു. എന്നാൽ തന്റെ ജനത്തിന്റെ ഒപ്പം ആയിരിക്കാൻ രാജ്യത്ത് തന്നെ തുടരാൻ അദ്ദേഹം തീരുമാനമെടുക്കുകയായിരുന്നു. ജിനോടേഗയിലെ എൽ ടെപയാക് ഫ്രാൻസിസ്കൻ ആശ്രമത്തിൽവെച്ച് നൽകിയ സന്ദേശത്തിൽ ബിഷപ്പ് അൽവാരസിന്റെ തീരുമാനത്തെ ഫാ. കോസിമോ ഡാമിയാനോ പ്രശംസിച്ചിരുന്നു. ഇതിന് പിന്നാലെ ഉദ്യോഗസ്ഥർ ഫാ. കോസിമോയെ സന്ദർശിച്ച് വിദേശ പൗരന്മാരുമായി ബന്ധപ്പെട്ട വകുപ്പിലെ അധികൃതരെ മനാഗ്വേയിൽചെന്ന് കാണാൻ ആവശ്യപ്പെട്ടു.
പിന്നീട് രാജ്യത്ത് നിന്ന് പുറത്താക്കിയെന്ന വാർത്ത പുറത്തുവരുന്നത് വരെ അദ്ദേഹത്തെപ്പറ്റി അറിവൊന്നും ഇല്ലായിരുന്നു. അമേരിക്കയിലേക്ക് പോകാൻ വിസമ്മതിച്ചതിന്റെ പിറ്റേ ദിവസമാണ് ബിഷപ്പ് അൽവാരസിനെതിരെ കോടതി, വിധി പുറപ്പെടുവിച്ചത്. ചതി, വ്യാജവാർത്ത പ്രചരണം, ജോലി ചെയ്യുന്നതിൽ നിന്ന് ഉദ്യോഗസ്ഥനെ തടയാൻ ശ്രമിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് അദ്ദേഹത്തിന്റെ മേൽ ചുമത്തപ്പെട്ടത്.
