ലോകകപ്പ് വേദിയിൽ സമാധാനത്തിന്റെ സന്ദേശം പങ്കുവയ്ക്കണം : സെലൻസ്കിയുടെ ആവശ്യം തള്ളി ഫിഫ
കീവ് : ലോകകപ്പ് വേദിയിൽ സമാധാനത്തിന്റെ സന്ദേശം പങ്കുവയ്ക്കണമെന്ന യുക്രൈൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കിയുടെ ആവശ്യം തള്ളി ഫിഫ. ഖത്തറിൽ മത്സരം നടക്കുന്നതിനിടെ ലോക സമാധാനത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള തന്റെ വിഡിയോ സന്ദേശം സ്റ്റേഡിയത്തിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു സെലൻസ്കിയുടെ ആവശ്യം. നിലവിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. എന്നാൽ രാഷ്ട്രീയ പ്രശ്നങ്ങളേയും നിലപാടുകളേയും ഖത്തറിലെ ലോകകപ്പ് വേദിക്ക് പുറത്ത് നിർത്താനാണ് ഫിഫ താത്പര്യപ്പെടുന്നത്. ഗ്രാമി അവാർഡ്സ്, കാൻസ് ഫിലിം ഫെസ്റ്റിവൽ, ജി-20 ഉച്ചകോടി എന്നിവയിലെല്ലാം സമാധാനാഹ്വാനം ഉന്നയിക്കണമെന്ന ആവശ്യവുമായി സെലൻസ്കി എത്തിയിരുന്നു.
