തീവ്രവാദികൾ കനത്ത ആക്രമണം വിതച്ച മൊസൂളിലെ ദേവാലയത്തിൽ വീണ്ടും മണി മുഴങ്ങി
മൊസൂള്‍: ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികൾ കനത്ത ആക്രമണം വിതച്ചത്തിനു ശേഷം ഇറാഖിലെ മൊസൂളിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവദേവാലയത്തില്‍ വീണ്ടും മണി മുഴങ്ങി. 2014 മുതൽ 2017 വരെ നീണ്ടു നിന്ന ഇസ്ലാമിക് സ്റ്റേറ്റ് അതിക്രമങ്ങളുടെ നാളുകളിൽ നാശനഷ്ടം സംഭവിച്ച കത്തീഡ്രൽ ദേവാലയം 2019 ലാണ് വീണ്ടും തുറക്കുന്നത്. കഴിഞ്ഞവർഷം ഫ്രാൻസിസ് മാർപാപ്പ ഇറാഖിലേക്ക് നടത്തിയ സന്ദർശന വേളയിൽ വ്യാപക നാശനഷ്ടം സംഭവിച്ച മൊസൂളിലെ ദേവാലയങ്ങളുടെ മധ്യേ നിന്നാണ് പ്രാർത്ഥിച്ചത്. ഇക്കഴിഞ്ഞ നവംബർ പത്താം തീയതി ജോർദാന്റെ അബ്ദുള്ള രണ്ടാമൻ രാജാവുമായി നടത്തിയ കൂടിക്കാഴ്ചയിൽ മധ്യേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം നിലനിർത്തുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ഫ്രാൻസിസ് മാർപാപ്പ ചര്‍ച്ച ചെയ്തിരിന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവിർഭാവത്തിന് മുന്‍പ് ഇറാഖിലെ ക്രൈസ്തവ വിശ്വാസികളിലെ മൂന്നിൽ രണ്ടുപേർ കൽദായ സഭയിലെ അംഗങ്ങളായിരുന്നു. രണ്ട് പതിറ്റാണ്ടിന് മുന്‍പ് 15 ലക്ഷത്തോളം ക്രൈസ്തവരാണ് മൊസൂളിലും, ക്വാരഘോഷിലും, നിനവേയിലെ മറ്റ് പട്ടണങ്ങളിലും ജീവിച്ചിരുന്നത്. 2004 ലെ അമേരിക്കൻ അധിനിവേശത്തിനും, 2014ലെ ഇസ്ലാമിക് സ്റ്റേറ്റ് ആവിർഭാവത്തിനും ശേഷം ക്രൈസ്തവരുടെ എണ്ണം മൂന്നു ലക്ഷമായി ചുരുങ്ങിയിരിന്നു. തീവ്രവാദികള്‍ മൊസൂൾ കീഴക്കിയപ്പോൾ ഒരു മുസ്ലിം കുടുംബമാണ് ഈ മണി ഒരു സുരക്ഷിത സ്ഥലത്ത് രഹസ്യമായി സൂക്ഷിച്ചത്. കഴിഞ്ഞ ഞായറഴ്ചയിൽ മണിമുഴങ്ങുന്നത് കേൾക്കാനും, ശുശ്രൂഷകളിൽ പങ്കെടുക്കാനും കത്തീഡ്രൽ ദേവാലയത്തിലേക്ക് നിനവേ പ്രവിശ്യയിലെ ക്രൈസ്തവർ എത്തിച്ചേർന്നിരുന്നു.
