മ്യാൻമർ ബൈബിൾ സ്കൂളിൽ സൈനിക ഷെല്ലാക്രമണം
ഷാൻ: മ്യാൻമർ സൈന്യവും വംശീയ സായുധ ഗ്രൂപ്പുകളും തമ്മിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിൽ സംസ്ഥാനത്ത് ഒരു ബൈബിൾ സ്കൂളിന് നേരെ മ്യാൻമർ സൈന്യം ഷെല്ലാക്രമണം നടത്തിയതായി ആരോപണം . ഷെൽ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.നോർത്തേൺ ഷാൻ സ്റ്റേറ്റിലെ കുത്കായ് പട്ടണത്തിൽ കാച്ചിൻ ബാപ്റ്റിസ്റ്റ് നടത്തുന്ന ബൈബിൾ സ്കൂളിന് നേരെ ഇന്ന് പുലർച്ചെയാണ് ആക്രമണം നടന്നതെന്ന് കാച്ചിൻ ബാപ്റ്റിസ്റ്റ് ചർച്ച് പ്രസ്താവനയിൽ പറയുന്നു.പരിക്കേറ്റ നാല് പേരുടെ നില വ്യക്തമല്ല.
2021 ഫെബ്രുവരി 1-ന് സൈന്യം അധികാരം പിടിച്ചെടുത്തതിനുശേഷം നിരവധി പള്ളികളും കോൺവെന്റുകളും ക്ലിനിക്കുകളും ജുണ്ട ആക്രമിക്കുകയും മോശമായി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബമർ ബുദ്ധമത ഭൂരിപക്ഷ പ്രദേശങ്ങളിലെ ചരിത്രപ്രസിദ്ധമായ കത്തോലിക്കാ ഗ്രാമങ്ങൾ ആക്രമിക്കുകയും നിരപരാധികളെ കൊല്ലുകയും വീടുകളും കന്നുകാലികളും കത്തിക്കുകയും ചെയ്യുന്നതിനിടയിൽ, ഗണ്യമായ ക്രിസ്ത്യൻ ജനസംഖ്യയുള്ള കയാഹ് പോലുള്ള സംസ്ഥാനങ്ങളിലെ പള്ളികളും ഭയത്തിലാണ് കഴിയുന്നത്.
