ദൈവത്തിൽ സംശയാലുവായിരുന്ന തനിക്ക് യാഥാർഥ്യം വെളിപ്പെടുത്തി തന്നു ‘ചോസണ്‍’ : നടി എലിസബത്ത് ടബിഷ്
വാഷിംഗ്ടണ്‍ ഡിസി: ദൈവസ്നേഹം യാഥാര്‍ത്ഥ്യമാണെന്ന് തനിക്ക് വെളിപ്പെടുത്തി തന്നത് പ്രസിദ്ധ ബൈബിള്‍ പരമ്പരയായ ‘ദി ചോസണ്‍’ ആണെന്ന് നടി എലിസബത്ത് ടബിഷ്. ചോസണ്‍ പരമ്പരയിലെ മഗ്ദലന മറിയത്തിന്റെ കഥാപാത്രം അവതരിപ്പിച്ച നടി കൂടിയാണ് ടബിഷ്. ദൈവത്തിലും, ദൈവ വിശ്വാസത്തിലും താന്‍ സംശയാലുവായിരുന്നു എന്ന കാര്യം ടബിഷ് തുറന്നു സമ്മതിക്കുന്നു. എന്നാല്‍ ചോസണിലെ വേഷം തന്നെ ഒരു പുതിയ സ്ഥലത്തേക്കാണ് കൂട്ടിക്കൊണ്ടുപോയത്. വേദനാജനകമായ കാര്യങ്ങളിലൂടെ കടന്നുപോയില്ലായിരുന്നുവെങ്കില്‍ മഗ്ദലന മറിയത്തിന്റെ വേഷം നന്നായി കൈകാര്യം ചെയ്യുവാന്‍ തനിക്ക് കഴിയില്ലായിരുന്നു. അതൊരു പ്രത്യേക അനുഭവമായിരിന്നു. ദൈവം സദാസമയവും അവിടെ ഉണ്ടായിരുന്നെന്നും ക്രമേണ താന്‍ മനസ്സിലാക്കിയെന്നും, ദൈവസ്നേഹം യാഥാര്‍ത്ഥ്യമാണെന്ന് ഓര്‍മ്മിപ്പിച്ച പല അനുഭവങ്ങളും തനിക്കുണ്ടായെന്നും ടബിഷ് പറഞ്ഞു.
ടെക്സാസിലെ ഓസ്റ്റിനിലെ അഭിനേത്രിയായിരുന്ന ടാബിഷ് തന്റെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ വളരെയേറെ കഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് അഭിനയത്തിലുള്ള താല്‍പ്പര്യവും കുറഞ്ഞുകൊണ്ടിരുന്നു. വളരെയേറെ അസ്വസ്ഥത നിറഞ്ഞ കാലഘട്ടമായിരിന്നു അതെന്നു ടബിഷ് പറയുന്നു. ദിവസം തള്ളിനീക്കുവാനുള്ള ചിലവുകള്‍ പോലും കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നില്ല. ഇല്ലാത്ത ഒരു സ്വപ്നത്തിന്റെ പിറകേയാണ് താന്‍ പോയിക്കൊണ്ടിരിക്കുന്നതെന്ന തോന്നല്‍ മറ്റൊരു തൊഴില്‍ അന്വേഷിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചുവെന്നും ഒരു അഭിമുഖത്തില്‍ ടബിഷ് പറഞ്ഞു.
