ഒല്ലോ ഗോത്രവർഗ്ഗത്തിൽ നിന്നും പ്രഥമ പൗരോഹിത്യ സ്വീകരണം
ലാസു: അരുണാചല്‍ പ്രദേശിലെ മിയാവോ പരിധിയിലെ ഒല്ലോ ഗോത്രത്തില്‍ നിന്നുള്ള പ്രഥമ പൗരോഹിത്യ സ്വീകരണം. ഒക്ടോബര്‍ 11നാണ് ഒല്ലോ ഗോത്രത്തില്‍പ്പെട്ട വിന്‍സെന്റ് റാങ്ങ്വാങ്ങ് എന്ന ഡീക്കന്‍ നീണ്ട പഠനത്തിനും പ്രാര്‍ത്ഥനയ്ക്കും ഒരുക്കത്തിനും ശേഷം മലയാളിയും മിയാവോ രൂപതാധ്യക്ഷനുമായ ബിഷപ്പ് ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ചത്. വൈദികരും, സന്യാസിനികളും, സുഹൃത്തുക്കളും, കുടുംബാംഗങ്ങളും അടക്കം വലിയൊരു ജനസമൂഹം തിരുപ്പട്ട സ്വീകരണത്തിന് സാക്ഷ്യം വഹിച്ചു. ഒല്ലോ ഗോത്രത്തിനും, വിശ്വാസി സമൂഹത്തിലെ എല്ലാവര്‍ക്കും ഇതൊരു അഭിമാന നിമിഷമാണെന്നും ഫാ. വിന്‍സെന്റ് പറഞ്ഞു. ഹൈദരാബാദിലെ അലിയാബാദ് ആസ്ഥാനമായുള്ള മിഷ്ണറീസ് ഓഫ് കംപാഷന്‍ സമൂഹാംഗമാണ് നവ വൈദികന്‍. ആന്ധ്രാപ്രദേശിലെ എല്ലൂരുവിലുള്ള ഹോളി സ്പിരിറ്റ് മേജര്‍ സെമിനാരിയിലാണ് ദൈവശാസ്ത്രവും, തത്വശാസ്ത്രവും പഠിച്ചത്. നിരവധി പ്രാദേശിക നേതാക്കള്‍ ഫാ. വിന്‍സെന്റിനെ അഭിനന്ദിച്ചു. തിരുപ്പട്ട സ്വീകരണം തീര്‍ച്ചയായും ഒല്ലോ ഗോത്രത്തെ സംബന്ധിച്ചിടത്തോളം ഒരു സന്തോഷകരമായ നിമിഷം തന്നെയാണെന്നാണ് ലാസുവില്‍ നിന്നുള്ള ബിരുദാനന്തരബിരുദധാരിയും യുവജന നേതാവുമായ സെതോക് തിന്യന്‍ പറഞ്ഞത്.
