ജനബോധനയാത്ര
ആലപ്പുഴ: വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ കെ ആർ എൽ സി നയിക്കുന്ന ജനബോധനയാത്ര മൂലമ്പിള്ളിയിൽ നിന്നും വിഴിഞ്ഞത്തേക്ക് നടത്തുന്നതിന്റെ ഭാഗമായി ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ ചെല്ലാനത്തു നിന്നും പുന്നപ്ര വിയാനിയിൽ സമാപിക്കുന്ന ബഹുജന പ്രക്ഷോഭ അവകാശ യാത്ര സെപ്തംബർ 16 – ന് സംഘടിപ്പിക്കുമെന്നു സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വികസനത്തിന്റെ മറവിൽ തങ്ങൾക്കുതകുന്ന കോർപ്പറേറ്റുകളോട് കൂട്ടു ചേർന്ന് അധികാരികൾ ഉറപ്പുവരുത്തുന്നത് മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ള അടിസ്ഥാന വർഗങ്ങളുടെ തിരോഭാവമാണ്. അതുകൊണ്ട് തന്നെ സാധാരണ സമരങ്ങളിൽ നിന്ന് വിഴിഞ്ഞത്തെ വ്യത്യസ്ഥമാക്കുന്നത് ഈ സമരം നിലനിൽപ്പിനു വേണ്ടിയുള്ള അവസാന പോരാട്ടം എന്ന നിലയിലാണ്. ഈ ആപത് സന്ധിയെ അതിജീവിക്കാൻ അവസാനത്തെ ഒത്തുചേരലിന് കളമൊരുക്കുകയാണ് കെ ആർ എൽ സി യുടെ ഈ ബോധന യാത്ര. പുന്നപ്ര വിയാനിയിൽ സമാപിക്കുന്ന ബോധനയാത്രയുടെ സമാപനത്തിന്റെ ഭാഗമായി നടക്കുന്ന സമ്മേളനം ആലപ്പുഴ രൂപത ബിഷപ്പ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനം ചെയ്യും. മോൺ. ജോയി പുത്തൻ വീട്ടിൽ അധ്യക്ഷത വഹിക്കും. കമാൽ എം മാക്കിയിൽ, ഭദ്രൻ, സുരേഷ് കുമാർ, ഫാ. വി പി ജോസഫ് വലിയവീട്ടിൽ, ജോസഫ് ജൂഡ്, ഫാ. എഡ്വേർഡ് പുത്തൻ പുരയ്ക്കൽ, ഫാ.ജോൺസൺ പുത്തൻ വീട്ടിൽ, എന്നിവർ സംസാരിക്കും. വാർത്താ സമ്മേളത്തിൽ അതിരൂപതാ പി ആർ ഓ ഫാ. സേവ്യർ കുടിയാം ശേരിൽ, ഫാ.ജോൺസൺ പുത്തൻ വീട്ടിൽ, ഫാ.തോമസ് മാണിയാപ്പൊഴിയിൽ, ജോൺ ബ്രിട്ടോ, ജോസ് ആന്റണി എന്നിവർ പങ്കെടുത്തു.
