ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കു നേരെയുള്ള ആക്രമണം: സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു സുപ്രീംകോടതി
ന്യൂഡല്‍ഹി: ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങൾ കണക്കിലെടുത്തുകൊണ്ട് എട്ടു സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ ആഭ്യന്തര മന്ത്രാലയത്തിന് സുപ്രീംകോടതി നിര്‍ദേശം. യു.പി, മധ്യപ്രദേശ്, ബിഹാര്‍, ഹരിയാന, കര്‍ണാടക, ഒഡിഷ, ഛത്തിസ്ഗഢ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. പൊതുതാല്‍പര്യ ഹരജി അനുസരിച്ചാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവര്‍ നിദേശം നൽകിയത് നാഷനല്‍ സോളിഡാരിറ്റി ഫോറത്തിനുവേണ്ടി ഫാ.ഡോ. പീറ്റര്‍ മച്ചദോ, ഇവാഞ്ചലിക്കല്‍ ഫെലോഷിപ് ഓഫ് ഇന്ത്യക്കുവേണ്ടി ഫാ. വിജയേഷ് ലാല്‍ തുടങ്ങിയവരാണ് പൊതുതാല്‍പര്യ ഹരജി നല്‍കിയത്. ഹരജിയില്‍ പറയുന്ന സംഭവങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, അന്വേഷണത്തിന്റെ ഇപ്പോഴത്തെ സ്ഥിതി, ഇതിനകം നടന്ന അറസ്റ്റ്, കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ചീഫ് സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
