പാക്കിസ്ഥാനിലെ ക്രിസ്ത്യൻ കോളനിയിൽ വെടിവെപ്പ് ; ഒരാൾ കൊല്ലപ്പെട്ടു
ലാഹോർ:പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ മസ്‌തുങ് ഏരിയയിലെ ക്രിസ്ത്യൻ കോളനിയിൽ മോട്ടോർ സൈക്കിളിലെത്തിയ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്കാണ് സംഭവം . ക്രിസ്ത്യൻ കോളനിക്ക് മുന്നിലെ തുറന്ന കളിസ്ഥലത്ത് രണ്ട് മോട്ടോർസൈക്കിളിൽ വന്നവർ വെടിയുതിർക്കുകയും , വിൽസൺ മസിഹിന് (65) മൂന്ന് ബുള്ളറ്റുകൾ പതിക്കുകയായിരുന്നു. മസിഹിനെയും പരിക്കേറ്റ മൂന്ന് പേരെയും മസ്തുങ്ങിൽ നിന്ന് 43 കിലോമീറ്റർ അകലെയുള്ള പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ സിവിൽ ഹോസ്പിറ്റലിലെ ട്രോമ സെന്ററിലേക്ക് മാറ്റിയെങ്കിലും യാത്രാമധ്യേ വിൽസൺ മരിക്കുയായിരുന്നു. 14 വയസ്സുള്ള സനം എന്ന ആൺകുട്ടിക്ക് വയറ്റിൽ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
വിൽസന്റെ സംസ്കാരം ക്രിസ്ത്യൻ കോളനിക്ക് സമീപമുള്ള ബ്ലെസ്ഡ് ജോസഫ് ജെറാർഡ് പള്ളിയിൽ നടന്നു. മുസ്ലീം ഭൂരിപക്ഷ നഗരമായ മസ്തുങ്ങിൽ 115 ക്രിസ്ത്യാനികൾ താമസിക്കുന്നുണ്ട്. 16 ക്രിസ്ത്യൻ വീടുകളുടെ സംരക്ഷണത്തിനായി ക്രിസ്ത്യൻ കോളനിയുടെ കവാടത്തിൽ രണ്ട് പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ദരിദ്രമായ ബലൂചിസ്ഥാൻ പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ്, ഇസ്ലാമിസ്റ്റ് തീവ്രവാദികളും വിഘടനവാദികളും തുടരുന്ന അക്രമങ്ങളാൽ ഭയന്ന് കഴിയുകയാണ് നിവാസികൾ. അടുത്ത കാലത്തായി ക്രിസ്ത്യാനികൾക്കും ഷിയാ ഹസാരകൾക്കും സുരക്ഷാ സേനയ്ക്കുമെതിരെ ആക്രമണങ്ങൾ വർദ്ധിച്ചു. ഈ ജൂലൈയിൽ ബലൂചിസ്ഥാനിൽ ഏഴ് തീവ്രവാദി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ നാല് സുരക്ഷാ സൈനികർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2018ൽ ക്വറ്റയിൽ സമാനമായ സംഭവത്തിൽ ആറ് ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടിരുന്നു.
