സര്‍ക്കാര്‍ സൈന്യം ക്രിസ്ത്യൻ ദേവാലയം അഗ്നിക്കിരയാക്കി
ദാവ്നായിഖു : മ്യാന്‍മറിലെ കരെന്നി സംസ്ഥാനത്തിലെ ദാവ്നായിഖു ഗ്രാമത്തിലെ സെന്റ് മാത്യൂസ് കത്തോലിക്ക ദേവാലയം സര്‍ക്കാര്‍ സൈന്യം അഗ്നിക്കിരയാക്കി. ജൂണ്‍ 14ന് സര്‍ക്കാര്‍ സൈന്യം ദാവ്നയിഖു ഗ്രാമത്തിലെ നാലോളം വീടുകള്‍ അഗ്നിക്കിരയാക്കി, അടുത്ത ദിവസം തന്നെ വൈകിട്ട് 3 മണിക്ക് യാതൊരു കാരണവും കൂടാതെ ഗ്രാമത്തിലെ ദേവാലയവും കത്തിച്ച് ചാമ്പലാക്കിയതായി കെ.എന്‍.ഡി.എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അന്യായമായി ദേവാലയത്തില്‍ പ്രവേശിച്ച സൈന്യം പാവപ്പെട്ടവര്‍ക്ക് നല്‍കുവാന്‍ വേണ്ടി കരുതിയിരുന്ന ഭക്ഷണ സാധനങ്ങളും, മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചതിന് ശേഷം ദേവാലയം അഗ്നിക്കിരയാക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. മേഖലയില്‍ നടക്കുന്ന കടുത്ത പോരാട്ടം കാരണം പതിനാറോളം ദേവാലയങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നു മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഒൻപതോളം ദേവാലയങ്ങളാണ് സര്‍ക്കാര്‍ സൈന്യത്തിന്റെ ബോംബിംഗിനും, വ്യോമാക്രമണത്തിനും ഇരയായിരിക്കുന്നത്. ഗവണ്‍മെന്റ് ജുണ്ടാ സൈന്യത്തിന്റെ സൈനീക നടപടി കാരണം ഇതിനോടകം തന്നെ ഏതാണ്ട് 1900-ത്തിലധികം ആളുകള്‍ മരണപ്പെടുകയും പത്തുലക്ഷം പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്നു ഐക്യരാഷ്ട്ര സഭയുടെ ഹുമന്‍ റൈറ്റ്സ് ഹൈക്കമ്മീഷൻ വ്യക്തമാക്കിയിരിന്നു.
