ക്വാരഘോഷിൽ ക്രൈസ്തവ സഭയുടെ പുതിയ വിദ്യാലയം
നിനവേ: ക്വാരഘോഷിൽ ക്രൈസ്തവ സഭയുടെ പുതിയ വിദ്യാലയം ഉയരുന്നു. പീഡിത ക്രൈസ്തവർക്ക് സഹായം ലഭ്യമാക്കുന്ന പൊന്തിഫിക്കൽ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡി’ന്റെ (എ.സി.എൻ) സാമ്പത്തിക പിന്തുണയാണ് സ്‌കൂൾ യാഥാർത്ഥ്യമാക്കിയത്. ഐസിസ് തീവ്രവാദികളാൽ അടിച്ചമർത്തപ്പെട്ട ഇറാഖീ ക്രൈസ്തവരുടെ നിനവേയിലെ പ്രധാന ക്രൈസ്തവ മേഖലയാണ് ക്വാരഘോഷ്. ‘സിസ്റ്റേഴ്‌സ് ഓഫ് സെന്റ് കാതറിൻ ഓഫ് സിയന്ന’ സന്യാസിനീ സമൂഹമാണ് ‘അൽ താഹിറ സെക്കന്ററി സ്‌കൂൾ’ എന്ന് നാമകരണം ചെയ്ത സ്‌കൂളിന്റെ മോൻനോട്ടം നിർവഹിക്കുക. അൽ താഹിറ പ്രൈമറി സ്‌കൂളിന്റെ കളിസ്ഥലത്ത് നിർമിച്ച പുതിയ സ്‌കൂൾ കെട്ടിടത്തിൽ 625 വിദ്യാർത്ഥികൾക്ക് പഠന സൗകര്യമുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകും. മേയ് ഒന്നിന് ആരംഭിക്കുന്ന സ്‌കൂളിൽ മൂന്ന് നിലകളിലായി മൂന്ന് സയൻസ് ലബോറട്ടറികൾ, കംപ്യൂട്ടർ സെന്റർ, കോൺഫറൻസ് ഹാൾ, ലൈബ്രറി, ചാപ്പൽ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഇറാഖിൽ കഴിഞ്ഞ അഞ്ച് വർഷമായി ‘എ.സി.എൻ’ പിന്തുണയേകുന്ന ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണിത്. സ്‌കൂളിന്റെ നിർമാണത്തിന് ആവശ്യമായ 2.1 മില്യൺ യു.എസ് ഡോളറിന്റെ 80%ത്തിൽ അധികവും കണ്ടെത്തിയത് എ.സി.എന്നിന്റെ ഇടപെടലിലാണ്. ഐസിസ് അധിനിവേശത്തെ തുടർന്ന് ക്രൈസ്തവരുടെ എണ്ണം കാര്യമായി കുറഞ്ഞ ഈ രാജ്യത്ത് ക്രൈസ്തവരുടെ ഭാവി സുരക്ഷിതമാക്കാൻ സ്‌കൂൾ സഹായിക്കുമെന്ന് ഡൊമിനിക്കൻ സന്യാസിനീ സഭ അഭിപ്രായപ്പെട്ടു. ‘സമൂഹത്തെ നയിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം, അതിലൂടെ ഉത്തരവാദിത്വം ഏറ്റടുത്ത് ഈ രാജ്യത്ത് തുടരാനുള്ള പദ്ധതി അവർക്കായി വിഭാവനം ചെയ്യുകയാണ്,’ ഡൊമിനിക്കൻ സന്യാസിനികൾ വ്യക്തമാക്കി.
