മരണം വരെ തന്റെ അജഗണങ്ങളുടെ ഒപ്പമുണ്ടാകും: യുക്രൈന്‍ മെത്രാന്‍
കീവ്: കനത്ത റോക്കറ്റാക്രമണത്തിനു ഇരയായിക്കൊണ്ടിരിക്കുന്ന തെക്ക്കിഴക്കന്‍ യുക്രൈന്‍ നഗരമായ സാപ്പോറോഷെയിലെ സഹായ മെത്രാന്‍ ജാന്‍ സോബില്ലോ യുടെ വാക്കുകള്‍ യുക്രെയ്ന്‍ ക്രൈസ്തവര്‍ക്ക് ധൈര്യമേകുന്നു. എന്തൊക്കെ സംഭവിച്ചാലും തന്റെ അജഗണങ്ങളുടെ കൂടെ മരണം വരെ ഉണ്ടാകുമെന്ന ഉറപ്പാണ് താന്‍ വത്തിക്കാന്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കിയത്.
താനൊരു ഹീറോ ആണെന്ന് സ്വയം കരുതുന്നില്ലെന്ന് പറഞ്ഞ മെത്രാന്‍, തന്റെ സ്ഥാനത്ത് ഏതൊരു വൈദികനായാലും ഈ അവസരത്തില്‍ ജനങ്ങളുടെ ആത്മീയത ഉയര്‍ത്തുവാന്‍ അവിടെ തുടരുകയാണ് ചെയ്യുകയെന്നും കൂട്ടിച്ചേര്‍ത്തു. റഷ്യക്കാര്‍ യുക്രൈന്റെ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുവാന്‍ ആഗ്രഹിക്കുകയാണ്. റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ യാതൊരു ലക്ഷണവുമില്ലെന്ന് പറഞ്ഞ മെത്രാന്‍, റോക്കറ്റാക്രമണത്തേത്തുടര്‍ന്ന് ആളുകള്‍ സാപ്പോറോഷെയില്‍ നിന്നും പലായനം ചെയ്യുവാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും, ആളുകളോട് പ്രത്യേകിച്ച്, സ്ത്രീകളോടും കുട്ടികളോടും നഗരം വിടുവാന്‍ അധികാരികള്‍ പറയുകയാണെന്നും കൂട്ടിച്ചേര്‍ത്തു.റഷ്യന്‍ അധിനിവേശം രണ്ടുമാസങ്ങള്‍ പിന്നിടുമ്പോഴും യുക്രൈന്‍ ജനത തങ്ങളുടെ ദൈവവിശ്വാസം കൈവിട്ടിട്ടില്ല.
