കാലിഫോര്‍ണിയയില്‍ കാട്ടുതീ ; ഭീതി ഉയരുന്നു
കലിഫോര്‍ണിയ : അമേരിക്കയിലെ കലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്നു. ബിഗ് സര്‍ മേഖലയില്‍ 1500 ഏക്കറോളം വ്യാപ്തിയിലാണു തീ ആളിപ്പടരുന്നത്.വെള്ളിയാഴ്ച മുതല്‍ തുടരുന്ന കാട്ടുതീ മൂലം പ്രദേശത്തുള്ള ആളുകളെ അധികൃതര്‍ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
യുഎസിലെ പ്രധാന ദേശീയ പാതകളിലൊന്നായ സ്റ്റേറ്റ് ഹൈവേ വണ്‍, തീരദേശ പട്ടണമായ കാര്‍മലിനു സമീപം അടച്ചു. മേഖലയില്‍ ഉള്‍പ്പെട്ടെ മോണ്ടെറി കൗണ്ടിയില്‍ നിന്ന് 400 ല്‍ അധികം ആളുകളയാണ് അധികൃതര്‍ ഒഴിപ്പിച്ചത്. വന അഗ്‌നി ബാധകള്‍ കലിഫോര്‍ണിയയില്‍ സാധാരണമായി സംഭവിക്കുന്നതാണ്. എന്നാല്‍ അടുത്ത വര്‍ഷങ്ങളില്‍ കാലാവസ്ഥാവ്യതിയാനം മൂലം ഇവയുണ്ടാകുന്ന ഇടവേളകളും വ്യാപ്തിയും കരുത്തും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വലിയ തോതില്‍ കലിഫോര്‍ണിയയില്‍ അഗ്‌നിബാധ ഉടലെടുത്തിരുന്നു. ജനുവരിയില്‍ മാത്രം 1200 ഏക്കറിലായി മുന്നൂറോളം കാട്ടുതീ സംഭവങ്ങളാണ് ഇവിടെ നടന്നത്.ഈ വര്‍ഷം ഇതാദ്യമായാണ് കാട്ടുതീ കലിഫോര്‍ണിയയില്‍ സംഭവിക്കുന്നത്.
കാട്ടുതീ ഭീഷണി കൂട്ടാന്‍ സാന്റ അന വിന്‍ഡ്‌സ് എന്ന വായുപ്രതിഭാസവും കാരണമാകുന്നുണ്ട്. മണിക്കൂറില്‍ 112 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കുന്ന കാറ്റുകള്‍ പ്രദേശത്തു വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ കാട്ടുതീ പടരുന്നതിന്റെ വ്യാപ്തിയും വേഗവും കൂടാം. എന്നാല്‍ നിലവില്‍ വലിയ കാറ്റുകളൊന്നും കലിഫോര്‍ണിയയില്‍ ഇല്ലാത്തതിനാല്‍ അഗ്‌നിശമന പ്രതിരോധ പ്രവര്‍ത്തനം സുഗമമായി നടക്കുന്നുണ്ട്. തീ വെറും 5 ശതമാനം മാത്രമാണ് നിയന്ത്രണത്തിലാക്കാനായതെന്ന് അഗ്‌നിശമനസേനാ അധികൃതര്‍ അറിയിച്ചു.
