ഉത്തരകൊറിയയെ പിന്തള്ളി അഫ്ഗാന്‍; ക്രിസ്ത്യാനിയായി ജീവിക്കുവാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യമായി മാറുന്നു
വാഷിംഗ്ടണ്‍ ഡിസി: ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളില്‍ ഉത്തരകൊറിയയെ പിന്തള്ളി അഫ്ഗാനിസ്ഥാന്‍ ഒന്നാം സ്ഥാനത്ത്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിസ്ത്യാനിയായി ജീവിക്കുന്നതിന് ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ചുള്ള കത്തോലിക്ക സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സ് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഇസ്ലാമിക തീവ്രവാദികളായ താലിബാന്‍ ഭരണം ഏറ്റെടുത്തതാണ് അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവരുടെ ജീവിതം ഏറ്റവും അപകടകരമാക്കി മാറ്റിയിരിക്കുന്നത്.
ഇസ്ലാമിക നിയമങ്ങളും ആചാരങ്ങളും അടിച്ചമര്‍ത്തി നടപ്പിലാക്കുന്ന താലിബാന്‍ നിലപാടില്‍ ക്രൈസ്തവര്‍ കടുത്ത വേദനകളാണ് നേരിടുന്നതെന്നും യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചവര്‍ക്ക് മുന്നില്‍ ഇവര്‍ ഉയര്‍ത്തുന്നത് വലിയ പ്രതിസന്ധിയാണെന്നും ഓപ്പണ്‍ ഡോഴ്സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരാള്‍ കുടുംബത്തില്‍ ഉണ്ടെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് മാനം കാക്കുന്നതിനായി ആ വ്യക്തിയെ കുടുംബത്തില്‍ നിന്നും പുറത്താക്കേണ്ടി വരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഫ്ഗാനിസ്ഥാനില്‍ ഇസ്ലാം വിട്ട് ക്രിസ്തുമതം സ്വീകരിച്ചവരെ നിര്‍ബന്ധപൂര്‍വ്വം മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനസംഖ്യയുടെ 99% മുസ്ലീങ്ങള്‍ ഉള്ള അഫ്ഗാനിസ്ഥാനില്‍ 200-ഓളം വരുന്ന കത്തോലിക്കര്‍ ഉള്‍പ്പെടുന്നതാണ് ക്രിസ്ത്യന്‍ സമൂഹം. താലിബാന്‍ അധിനിവേശത്തിന് ശേഷം അഫ്ഗാനിസ്ഥാനെ തീവ്ര ഇസ്ളാമിക രാഷ്ട്രമാക്കി മാറ്റാന്‍ നടക്കുന്ന ശ്രമങ്ങളെ കുറിച്ച് ഓരോ ദിവസവും വ്യാപകമായ റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.
