നിങ്ങളുടെ വെളിച്ചം മറ്റുള്ളവർക്ക് പ്രകാശം ആകട്ടെ..!
✍️പാസ്റ്റർ ജസ്റ്റിൻ കായംകുളം
പാട്ടുകാരന് തന്റെ പാട്ടും, എഴുത്തുകാരന് തന്റെ എഴുത്തുകളും, പ്രസംഗകന് തന്റെ പ്രഭാഷണങ്ങളും, ചിത്രകാരന് തന്റെ ചിത്രങ്ങളും, നർത്തകന് തന്റെ നൃത്താവിഷ്കാരങ്ങളും അല്ലാതെ വേറെന്താണ് പ്രകടിപ്പിക്കാനുള്ളത്.
കഴിവുള്ളവരും, കഴിവ് വളർത്തുവാൻ ആഗ്രഹിക്കുന്നവരും ലഭ്യമായ ഇടങ്ങളിൽ അത് പ്രദർശിപ്പിക്കുക. താല്പര്യമുള്ളവർ അത് ആസ്വദിക്കുക. പറ്റുമെങ്കിൽ പ്രോത്സാഹിപ്പിക്കുക, തെറ്റുകൾ ചൂണ്ടിക്കാണിച്ചു അവ തിരുത്തി മുന്നേറാൻ സഹായിക്കുക.
വ്യാപാരം ചെയ്യുവാൻ താലന്ത് കിട്ടിയവരിൽ ഒളിപ്പിച്ചു വെച്ചവനെ വിളിച്ചത് ദുഷ്ടൻ എന്നാണ്. എന്നാൽ ലഭിച്ചതിനെ വ്യാപാരം ചെയ്തവർ ദൈവാനുഗ്രഹം പ്രാപിച്ചു എന്ന് നമുക്ക് കാണുവാൻ സാധിക്കുന്നുണ്ട്.. യേശു കർത്താവ് ചെയ്തതും അപ്പൊസ്തലന്മാർ, പൗലോസ് എന്നിവർ ചെയ്തതും ഒക്കെ എഴുതി സൂക്ഷിച്ചത് കൊണ്ട് അഥവാ പരസ്യപ്പെടുത്തിയത് കൊണ്ടാണ് നമുക്ക് അത് വായിക്കാനും പിന്തുടരാനുമൊക്കെ കഴിയുന്നത്.. അന്ന് എഴുതി മറ്റുള്ളവരെ കാണിക്കണ്ട, ഞങ്ങൾ മാത്രം അറിഞ്ഞാൽ മതി എന്നവർ കരുതിയിരുന്നു എങ്കിൽ ഇതൊക്കെ നാം എങ്ങനെ മനസ്സിലാക്കുമായിരുന്നു എന്ന് ചിന്തിക്കണം.
പരസ്യപ്പെടുത്തേണ്ടത് പരസ്യപ്പെടുത്തണം. മറച്ചു വെക്കേണ്ടത് മറച്ചു വെയ്ക്കണം. വിളക്ക് കത്തിച്ചു പറയിൻ കീഴിലല്ല തണ്ടിന്മേൽ വെയ്ക്കണം, എങ്കിൽ മാത്രമേ അത് മറ്റുള്ളവർക്ക് വെളിച്ചവും, വിളക്ക് അവിടെ ഉണ്ട് എന്ന് അറിയുകയും ചെയ്യുകയുള്ളൂ..
