ഗുജറാത്ത് ; ഇന്ത്യൻ സമുദ്രാതിർത്തിയിൽ 10 ജീവനക്കാരുമായി എത്തിയ പാകിസ്ഥാൻ ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് ഇന്ത്യൻ സമുദ്രാതിർത്തിയിൽ 10 ജീവനക്കാരുമായി എത്തിയ ഒരു പാകിസ്ഥാൻ ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) പിടികൂടിയതായി സംസ്ഥാന പ്രതിരോധ വക്താവ് അറിയിച്ചു. യാസീൻ എന്ന് പേരിട്ടിരിക്കുന്ന ബോട്ട് ശനിയാഴ്ച രാത്രി ഓപ്പറേഷനിലൂടെ ഐസിജി കപ്പൽ പിടികൂടുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാന തീരം വഴി മയക്കുമരുന്ന് കടത്താൻ ഇത്തരം ബോട്ടുകൾ ഉപയോഗിക്കുന്ന സംഭവങ്ങളും വർധിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി .
അങ്കിത് എന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പൽ 10 ജീവനക്കാരുമായി എത്തിയ ‘യാസീൻ’ എന്ന പാകിസ്ഥാൻ ബോട്ടിനെ ജനുവരി 08 ന് രാത്രി ഓപ്പറേഷനിടെ അറബിക്കടലിലെ ഇന്ത്യൻ ജലാശയത്തിൽ വച്ച് പിടികൂടിയതായും, കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ബോട്ട് പോർബന്തറിലേക്ക് കൊണ്ടുവരുന്നതായും ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.
കഴിഞ്ഞ വർഷം സെപ്തംബർ 15നും ഗുജറാത്ത് തീരത്തിന്റെ ഇന്ത്യൻ സമുദ്രാതിർത്തിയിൽ വച്ച് 12 ജീവനക്കാരുമായി എത്തിയ ഒരു പാകിസ്ഥാൻ ബോട്ട് സമാനമായ ഓപ്പറേഷനിലൂടെ ഐസിജി പിടികൂടിയിരുന്നു. കൂടാതെ കഴിഞ്ഞ വർഷം ഡിസംബർ 20 ന്, സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഗുജറാത്ത് തീരത്ത് നിന്നും 400 കോടി രൂപ വിലമതിക്കുന്ന 77 കിലോ ഹെറോയിനുമായി ആറ് ജീവനക്കാരടങ്ങിയ പാകിസ്ഥാൻ മത്സ്യബന്ധന ബോട്ടും ഐസിജി പിടികൂടിയിരുന്നു.
