ഏദന്‍സ്: തെക്കന്‍ ഗ്രീസ് തീരത്ത് അഭയാർഥി ബോട്ട് മറിഞ്ഞ് 79 പേര്‍ മരിച്ചു. 100ലധികം ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ലിബിയയില്‍ നിന്നും ഇറ്റലിയിലേക്ക് പോകുകയായിരുന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ഈ വര്‍ഷം ഗ്രീസില്‍ ഉണ്ടായ ഏറ്റവും വലിയ കപ്പല്‍ അപകടമാണിതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. നൂറിലധികം കുടിയേറ്റക്കാര്‍ കപ്പലില്‍ ഉണ്ടായിരിക്കാമെന്നാണ് ഗ്രീക്ക് ഉദ്യോഗസ്ഥരുടെയും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മിഗ്രേഷന്റെയും നിഗമനം. ചൊവ്വാഴ്ചയാണ് കപ്പലിനെ അവസാനമായി സമുദ്രത്തില്‍ കണ്ടതെന്ന് കോസ്റ്റ് ഗാര്‍ഡ് പറയുന്നു. ഇതിന് ശേഷമായിരുന്നു കപ്പല്‍ മുങ്ങിയത്. കപ്പലില്‍ ഉണ്ടായിരുന്ന ആരും ലൈഫ് ജാക്കറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശക്തമായി കാറ്റ് ഉണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ബുദ്ധിമുട്ട് നേരിട്ടെന്നും കോസ്റ്റ് ഗാര്‍ഡ് പറയുന്നു. കപ്പലില്‍ 500-700 ആളുകള്‍ ഉണ്ടായിരുന്നതായി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ പറയുന്നു. കപ്പലില്‍ കയറ്റാവുന്നതിലും കൂടുതല്‍ ആളുകളെ കയറ്റിയതായി റീജിനല്‍ ഹെല്‍ത്ത് ഡയറക്ടര്‍ യാനിസ് കാര്‍വെലിസ് പറഞ്ഞു. സമുദ്രത്തിലെ ഏറ്റവും ആഴമുള്ള സ്ഥലത്താണ് കപ്പല്‍ മുങ്ങിയതെന്ന് കോസ്റ്റ് ഗാര്‍ഡ് നിക്കോളാസ് അലക്‌സിയോ പറഞ്ഞു .
