Ultimate magazine theme for WordPress.

ക്രിസ്തു‌വിന്റെ മടങ്ങിവരവിനായി ലോകം ഒരുങ്ങുന്നു: റവ. ഡോ. ഒ. എം. രാജുക്കുട്ടി

കരിയംപ്ളാവ്: അക്രമവും അഴിമതിയും ക്രൂരതകളും അസാന്മാർഗ്ഗീയതയും കൊടികുത്തിവാഴുന്ന ലോകക്രമത്തിനു അറുതി വരുത്തിക്കൊണ്ട് നീതിയുള്ള ദൈവരാജ്യം സ്ഥാപിപ്പാൻ ക്രിസ്‌തു മടങ്ങിവരുന്നതിന്റെ അടയാളങ്ങൾ കണ്ടുതുടങ്ങിയെന്നു പാസ്റ്റർ ഡോ. ഒ. എം. രാജുക്കുട്ടി. ഡബ്ല്യു. എം. ഇ. ദൈവസഭകളുടെ 76-ാമത് കരിയംപ്ലാവ് ജനറൽ കൺവൻഷൻ ഉദ്ഘാടനം ചെയ്‌തുകൊണ്ട് ഹെബ്രോൻ സ്റ്റേഡിയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകം മുഴുവൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് നീതിയോടും ന്യായത്തോടും ഭരണം നടത്താൻ കഴിവുള്ള ഒരു നേതാവിനെയാണ്. ആ സ്ഥാനം ഏറ്റെടുത്തുകൊണ്ട് രാജാധിരാജാവായി ക്രിസ്‌തു വന്നു ദൈവരാജ്യം സ്ഥാപിക്കും. ഭയവും വിഭജനവും വിദ്വേഷവും ഭീകരവാദവും യുദ്ധക്കൊതിയുംകൊണ്ട് കലുഷിതമായിരിക്കുന്ന ആധുനിക ലോകത്തിന് സമാധാനവും സന്തോഷവും പ്രദാനം ചെയ്യുവാൻ യേശുക്രിസ്‌തുവിൻ്റെ സന്ദേശങ്ങൾക്കു മാത്രമെ കഴിയുകയുള്ളു എന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിൽ മനുഷ്യൻ്റെ നിലനിൽപ്പിനുതന്നെ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നു. ക്രിസ്‌തുവിൻ്റെ മടങ്ങിവരവിനു മുമ്പു ലോകത്തിൽ നടക്കേണ്ട അനവധി സംഭവങ്ങളുടെ ലക്ഷണങ്ങൾ നമ്മുടെ കണ്ണിനു മുമ്പിൽ ലൈവായി നാം കാണുന്നു. മഹായുദ്ധങ്ങളും പകർച്ചവ്യാധികളും അവയുടെ അടയാളങ്ങളാണ്. മടങ്ങിവരുന്ന യേശുവിനെ സ്വീകരിപ്പാൻ ലോകം ഒരുങ്ങിക്കൊ ണ്ടിരിക്കുന്നു. ലോക പുരോഗതിക്ക് ക്രിസ്‌തു ക്രൂശിൽ കാണിച്ച ദൈവസ്നേഹം അത്യന്താപേക്ഷിതമാണ്. സ്നേഹത്തിൻ്റെ ഉദാത്തമായ ഉദാഹരണമാണ് മനുഷ്യനായി അവതരിച്ച ദൈവപുത്രൻ. സ്വന്ത പുത്രനെ മനുഷ്യവർഗ്ഗത്തിനായി നൽകിയ പിതാവായ ദൈവത്തിൻ്റെ സ്നേഹം എത്രയോ ആശ്ചര്യക രമാണ്. സ്നേഹവും ത്യാഗവുമാണ് ഒരു ക്രിസ്‌തീയവിശ്വാസിയുടെ മുഖമുദ്രയെന്ന് അദ്ദേഹം പ്രസ്താവിച്ചു.

കൺവൻഷൻ സംഗീതവിഭാഗമായ സെലസ്റ്റ്യൽ റിഥം ബാൻഡ് ആരാധനകൾക്കു നേതൃത്വം നൽകി. ഡബ്ല്യു. എം. ഇ. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയിംസ് വി. ഫിലിപ്പ് അദ്ധ്യക്ഷതവഹിച്ചു. പാസ്റ്റർ സി. പി. ഐസക് സങ്കീർത്തനം വായിച്ചു. റവ. ദാനിയേൽ തോമസ്സ് മുഖ്യ സന്ദേശം നൽകി. മുൻ എം. എൽ. എ. രാജു ഏബ്രഹാം പാട്ടുപുസ്‌തകം പ്രകാശനം ചെയ്‌തു. പാസ്റ്റർ എം. എം. മത്തായി സമാപന പ്രാർത്ഥന നടത്തി. പ്രതിനിധി സമ്മേളനം, സഹോദരീ സമ്മേളനം, സണ്ടേസ്‌കൂൾ-യുവജന സമ്മേളനം, മിഷനറി സമ്മേളനം, പവ്വർ കോൺഫറൻസ്, ബൈബിൾ സ്റ്റഡി എന്നിവ ഉണ്ടായിരിക്കും. കൺവൻഷൻ ഞായറാഴ്‌ച സമാപിക്കും

Sharjah city AG

Comments are closed.