17 അംഗ ക്രിസ്ത്യൻ മിഷണറി സംഘം ക്രിമിനലുകളുടെ പിടിയിൽ; മാവോസോ’ സംഘമാണെന്ന് പൊലീസ്
ബന്ദികളിൽ ഒരാൾ അയച്ച വാട്സ് ആപ്പ് സന്ദേശത്തിലൂടെയാണ് തട്ടിക്കൊണ്ടുപോയ വാർത്ത ലോകം അറിഞ്ഞത്.
കരീബിയൻ രാജ്യമായ ഹെയ്ത്തിൽ സേവനത്തിനെത്തിയ ക്രിസ്ത്യൻ മിഷണറിമാരും കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ള 17 അംഗ സംഘത്തെ ക്രിമിനൽ സംഘം തട്ടിക്കൊണ്ടുപോയെന്ന് റിപ്പോർട്ടുകൾ. അമേരിക്കയിലെ ഒഹായോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രി’യുടെ ഭാഗമായ മിഷനറിമാർ ഒരു അനാഥാലയം സന്ദർശിച്ചു മടങ്ങുംവഴിയാണ് ആക്രമികളുടെ പിടിയിലായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അഞ്ച് പുരുഷന്മാരും ഏഴു സ്ത്രീകളും അഞ്ച് കുട്ടികളും തട്ടികൊണ്ട് പോയവരിൽ ഉൾപ്പെടുന്നു. ഇതിൽ ഒരാൾ കനേഡിയൻ പൗരനാണ്. മറ്റുള്ളവർ അമേരിക്കക്കാരും. തലസ്ഥാനമായ പോർട്ട് ഓഫ് പ്രിൻസിൽ ശനിയാഴ്ചയായിരുന്നു സംഭവം. ‘ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം, ഞങ്ങൾ ബന്ദികളാക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ഡ്രൈവറെ തട്ടിക്കൊണ്ടുപോവുകയാണ്. ഞങ്ങളെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് അറിയില്ല. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കൂ,’ ബന്ദികളിൽ ഒരാൾ അയച്ച വാട്സ് ആപ്പ് സന്ദേശത്തിലൂടെയാണ് തട്ടിക്കൊണ്ടുപോയ വാർത്ത ലോകം അറിഞ്ഞത്.
വിമാനത്താവളത്തിലേക്ക് പോയ ബസിൽ കടന്നുകയറി കുട്ടികൾ ഉൾപ്പെടെയുള്ളവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് നിഗമനം. സംഭവം യുഎസും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവം പരിശോധിച്ച് വരികയാണെന്ന് യു.എസ് അധികൃതർ അറിയിച്ചു. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ കുപ്രസിദ്ധമായ ‘400 മാവോസോ’ സംഘമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഏപ്രിലിൽ കത്തോലിക്കാ വൈദികരെയും കന്യാസ്ത്രീകളെയും തട്ടികൊണ്ട് പോയതിനു പിന്നിലും ഈ സംഘം തന്നെയായിരുന്നു.
ഇവരുടെ സുരക്ഷിത മോചനത്തിനായി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ച് ‘ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രി’ വിശ്വാസികൾക്ക് പ്രത്യേക സന്ദേശം കൈമാറിയിട്ടുണ്ട്. കുട്ടികൾക്ക് അഭയം, ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം എന്നിവ ലഭ്യമാക്കുന്നത് ഉൾപ്പെടെ ഹെയ്തിയിൽ ശ്രദ്ധേയമാംവിധം സന്നദ്ധ സേവനം നടത്തുന്ന സംഘമാണ് ‘ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രീസ്’.
പ്രസിഡന്റ് ജോവനൽ മോയീസ് വധിക്കപ്പെട്ടതിനെ തുടർന്ന് ആഭ്യന്തര സംഘർഷങ്ങളും സാമ്പത്തിക പ്രതിസന്ധിയും വർദ്ധിക്കുന്ന ഹെയ്ത്തിയിൽ വീണ്ടും ക്രിമിനൽ സംഘങ്ങൾ പിടിമുറുക്കുന്നു എന്നാണ് സൂചനകൾ. 2021 ജനുവരി മുതൽ സെപ്തംബർ വരെ 600ൽപ്പരം തട്ടിക്കൊണ്ടുപോകലുകൾ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
