ഡെറാഡൂണ്‍ : പഠിക്കാൻ വിദ്യാർഥികള്‍ സ്കൂളിലെത്താത്തതിനെ തുടർന്ന് ഉത്തരാഖണ്ഡില്‍ 1671 സ്കൂളുകള്‍ അടച്ചുപൂട്ടി. വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഓഫീസില്‍ നിന്നുള്ള കണക്കുകളനുസരിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല വൻ പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ട്.
3,573 സ്കൂളുകളില്‍ പത്തില്‍ താഴെ വിദ്യാർത്ഥികള്‍ മാത്രമാണ് പഠിക്കുന്നത്. 102 സ്കൂളുകളില്‍ ഒരു വിദ്യാർഥി മാത്രമാണ് പഠിക്കുന്നത്. പൗരി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്കൂളുകള്‍ അടച്ചുപൂട്ടിയത്. 315 സ്കൂളുകളാണ് പ്രവർത്തനം നിർത്തിയത്. ഉദ്ദംസിങ് നഗർ ജില്ലയിലാണ് ഏറ്റവും കുറവ് സ്കൂളുകള്‍ അടച്ച് പൂട്ടിയത്. 21 സ്കൂളുകള്‍ക്കാണ് ഇവിടെ താഴിട്ടത്.
വിവിധ ജില്ലകളില്‍ അടച്ചുപൂട്ടിയ സ്‌കൂളുകളുടെ ലിസ്റ്റ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡിജിഇ) അടുത്തിടെ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ഫിൻലൻഡ് മാതൃക സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് സർക്കാർ ആവശ്യപ്പെട്ടു . ഇതിന്റെ പേരില്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവർ നാല് ദിവസം ഫിൻലൻറും സ്വിറ്റ്‌സർലന്റും സന്ദർശിച്ചിരുന്നു. അടച്ചുപൂട്ടിയ സർക്കാർ സ്‌കൂള്‍ കെട്ടിടങ്ങള്‍ അങ്കണവാടി കേന്ദ്രങ്ങളായും, ഹോംസ്റ്റേകളായും ഉപയോഗിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ബൻഷിധർ തിവാരി പറഞ്ഞതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
