മനാഗ്വേ: നിക്കരാഗ്വേയിലെ ഭരണകൂടം മോചിപ്പിച്ച കത്തോലിക്ക വൈദികരെ വത്തിക്കാന്‍ ഏറ്റെടുക്കും. ഭരണകൂടം വിട്ടയച്ച നിക്കരാഗ്വേയിൽ നിന്നുള്ള 12 വൈദികരെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥൻ സ്വീകരിക്കുകയും റോം രൂപതയില്‍ താമസിപ്പിക്കുകയും ചെയ്യുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണിയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. നിക്കരാഗ്വേയിലെയും വത്തിക്കാനിലെയും കത്തോലിക്കാ സഭയുടെ ഉന്നത അധികാരികളുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വൈദികരുടെ മോചനം സാധ്യമായത്.
ഒക്‌ടോബർ 15-ന് ഇവരിൽ എട്ടു വൈദികരെ കുപ്രസിദ്ധമായ എൽ ചിപോട്ട ജയിലിലേക്ക് അയച്ചിരിന്നു. മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ കുപ്രസിദ്ധമായ ജയിലാണ് എൽ ചിപോട്ട. വൈദികരെ എൽ ചിപോട്ടയിലേക്ക് മാറ്റിയതില്‍ കനത്ത പ്രതിഷേധം ഉയരുന്നുണ്ടായിരിന്നു. ഇതിനിടെയാണ് വത്തിക്കാന്റെ മധ്യസ്ഥ ചര്‍ച്ചയില്‍ വൈദികര്‍ മോചിതരായത്. വൈദികര്‍ക്ക് രാജ്യത്തു തുടരാന്‍ ഭരണകൂടം അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് വത്തിക്കാന്‍ ഏറ്റെടുക്കുവാന്‍ തയാറായതെന്ന് വിലയിരുത്തപ്പെടുന്നു.
