Ultimate magazine theme for WordPress.

യുക്രെയ്നിൽ റഷ്യൻ അടിച്ചമർത്തൽ: ആരാധനയ്ക്കിടെ പള്ളികളിൽ റെയ്ഡും ഭീഷണിയും

 

ഉക്രൈൻ : റഷ്യൻ അധിനിവേശത്തിലുള്ള കിഴക്കൻ യുക്രെയ്നിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് നേരെ റഷ്യൻ അധികൃതർ കർശന നടപടികൾ തുടരുന്നു. ലുഹാൻസ്ക് മേഖലയിലെ ക്രാസ്നോഡോണിലും സമീപ ഗ്രാമമായ തെപ്ലെയിലുമുള്ള രണ്ട് ബാപ്റ്റിസ്റ്റ് പള്ളികളിൽ കഴിഞ്ഞ ജനുവരി 25-ന് റഷ്യൻ പോലീസും സൈന്യവും സംയുക്തമായി റെയ്ഡ് നടത്തി. ഞായറാഴ്ച ആരാധന നടന്നുകൊണ്ടിരിക്കെ തോക്കുകളുമായി എത്തിയ ഉദ്യോഗസ്ഥർ വിശ്വാസികളെ തടയുകയും അവരുടെ വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. റഷ്യൻ നിയമപ്രകാരം സഭകൾ രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഓരോ ആരാധനയും തടയുമെന്നും സഭകൾ അടച്ചുപൂട്ടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

2025 ജൂലൈ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ മാത്രം ലുഹാൻസ്ക്, ഡൊനെറ്റ്സ്ക് മേഖലകളിലായി കുറഞ്ഞത് ഏഴ് റെയ്ഡുകളെങ്കിലും പള്ളികളിൽ നടന്നിട്ടുണ്ട്. റഷ്യൻ നിയമപ്രകാരം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാത്ത സഭകളെയാണ് അധികൃതർ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഇത്തരം പള്ളികളിലെ പാസ്റ്റർമാർക്കും നേതാക്കൾക്കും എതിരെ ‘അനധികൃത മിഷണറി പ്രവർത്തനങ്ങൾ’ ആരോപിച്ച് കോടതികൾ വലിയ പിഴ ചുമത്തുന്നുണ്ട്. പല സഭകളും തങ്ങളുടെ സ്വതന്ത്രമായ വിശ്വാസ നിലപാടുകൾ കാരണം ഇത്തരം രജിസ്ട്രേഷനുകൾക്ക് തയ്യാറാകാത്തതാണ് അധികൃതരെ പ്രകോപിപ്പിക്കുന്നത്.

അധിനിവേശ പ്രദേശങ്ങളിലെ ഈ നടപടികളെ അന്താരാഷ്ട്ര സമൂഹം ശക്തമായി അപലപിച്ചു. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉൾപ്പെടെയുള്ളവർ മതസ്വാതന്ത്ര്യത്തിന് മേലുള്ള ഈ കടന്നുകയറ്റത്തിൽ ആശങ്ക രേഖപ്പെടുത്തി. സഭകളെ അടിച്ചമർത്തുന്നതും പുരോഹിതരെ തടവിലാക്കുന്നതും റഷ്യയുടെ ആസൂത്രിതമായ നീക്കമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. യുക്രെയ്നിന്റെ ദേശീയ സ്വത്വം നിലനിർത്തുന്ന സ്ഥാപനങ്ങളെ ഇല്ലാതാക്കി റഷ്യൻ അനുകൂലികളെ അവിടെ പ്രതിഷ്ഠിക്കാനാണ് മോസ്കോ ശ്രമിക്കുന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

Sharjah city AG

Comments are closed.