Ultimate magazine theme for WordPress.

മോചിതരായ നിരപരാധികളായ ക്രൈസ്തവര്‍ക്ക് സഹായവുമായി , ചാരിറ്റി സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌

പാക്കിസ്ഥാനില്‍ ജയില്‍ മോചിതരായ ഇരുപതോളം ക്രൈസ്തവര്‍ക്ക് ജീവിത മാര്‍ഗ്ഗം കണ്ടെത്തുന്നതിന് സ്വന്തം നിലയില്‍ കച്ചവടം തുടങ്ങുന്നതിന് ലാഹോര്‍ അതിരൂപതയുടെ കൈത്താങ്ങ്‌. പൊന്തിഫിക്കല്‍ ചാരിറ്റി സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) ന്റെ പിന്തുണയോടെയായിരുന്നു സഹായം. 2015 മാര്‍ച്ച് 15-ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ആക്രമണത്തിനെതിരെയുള്ള പ്രതിഷേധത്തിനിടയില്‍ രണ്ടു മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഇവര്‍ ജയിലിലായത്. നിരവധി ക്രൈസ്തവരാണ് ഇതുമായി ബന്ധപ്പെട്ട് യാതൊരു തെളിവും കൂടാതെ അറസ്റ്റിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തത്.

ഇതില്‍ രണ്ടുപേര്‍ ജയിലില്‍വെച്ചു തന്നെ മരണപ്പെട്ടിരുന്നു. ഇത് രണ്ടാം തവണയാണ് എ.സി.എന്‍ പിന്തുണയോടെ ലാഹോര്‍ അതിരൂപത സമാനമായ സഹായം ചെയ്യുന്നത്. നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് ഇവര്‍ മോചിതരായതെന്നും, മോചിക്കപ്പെട്ടവരെ സ്വന്തം കുടുംബത്തെ പുലര്‍ത്തുവാന്‍ സഹായിക്കുന്നതിനെ കുറിച്ച് തങ്ങള്‍ ചിന്തിച്ചുവെന്നും ലാഹോര്‍ മെത്രാപ്പോലീത്ത സെബാസ്റ്റ്യന്‍ ഷാ പറഞ്ഞു. 2015 മാര്‍ച്ചില്‍ ലാഹോറിലെ യൗഹാനാബാദിലെ സെന്റ്‌ ജോണ്‍സ് കത്തോലിക്കാ ദേവാലയത്തിലും, പ്രൊട്ടസ്റ്റന്റ് ദേവാലയമായ ക്രൈസ്റ്റ് ചര്‍ച്ചിലുമാണ് ചാവേര്‍ ബോംബാക്രമണമുണ്ടായത്. ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെടുകയും 70-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ദേവാലയത്തിന്റെ സുരക്ഷാ ചുമതല്‍ നിര്‍വഹിക്കെ ആകാശ് ബഷീര്‍ എന്ന ക്രിസ്ത്യന്‍ യുവാവ് മറ്റുള്ളവര്‍ക്ക് വേണ്ടി തന്റെ ജീവന്‍ ബലികഴിച്ച കാര്യവും മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു. പാക്കിസ്ഥാന്‍ മെത്രാന്‍ സമിതിയുടെ കീഴിലുള്ള നാഷണല്‍ ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌ കമ്മീഷന്‍ ആണ് ഒരു മുസ്ലീം ഉള്‍പ്പെടെ 12 പേരുടെ നിയമനടപടികളുടെ ചിലവുകള്‍ വഹിച്ചത്. സഹായം ലഭിച്ചവരില്‍ ഉള്‍പ്പെടുന്ന ഷാക്കര്‍ ഹബീബ് ഡിസംബര്‍ 28-ന് ഒരു ചെറുകിട കച്ചവടം തുടങ്ങിയിരിന്നു. പാവപ്പെട്ടവര്‍ക്ക് ദൈവം ഉണ്ടെന്നാണ് ഈ സഹായം സൂചിപ്പിക്കുന്നതെന്നു എ.സി.എന്നിന് നന്ദി അറിയിച്ചുകൊണ്ട്‌ ഷാക്കര്‍ ഹബീബ് പറഞ്ഞു.

യൗഹാനബാദിലെ സെന്റ്‌ ജോണ്‍സ് ഇടവക വികാരിയും, ലാഹോര്‍ അതിരൂപതയുടെ വികാര്‍ ജനറലുമായ ഫാ. ഫ്രാന്‍സിസ് ഗുള്‍സാറും പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനക്ക് നന്ദി അറിയിച്ചിട്ടുണ്ട്. പരസ്പര സൗഹാര്‍ദ്ദം വളര്‍ത്തുവാനും അവശ്യ സമയത്ത് മറ്റുള്ളവരെ സഹായിക്കുവാനുമുള്ള കടമ തങ്ങള്‍ക്കുണ്ടെന്ന് സഹായം ലഭിച്ചവരെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ വര്‍ഷവും ജയില്‍ മോചിതരായ 20 ക്രൈസ്തവരേയും സമാനമായ രീതിയില്‍ എ.സി.എന്‍ സഹായിച്ചിരുന്നു.

Leave A Reply

Your email address will not be published.