Ultimate magazine theme for WordPress.

സ്‌കൂളുകള്‍ എന്ന് തുറക്കും? – മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: സ്കൂളുകൾ എന്ന് തുറക്കുമെന്ന ചോദ്യത്തിന് ഉത്തരവുമായി കേന്ദ്രസർക്കാർ. അധ്യാപകരിൽ ഭൂരിഭാഗവും വാക്സിൻ സ്വീകരിച്ചു കഴിഞ്ഞതിനും കുട്ടികളിൽ കോവിഡ് ബാധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതൽ ശാസ്ത്രീയ വിവരങ്ങൾ ലഭ്യമായതിനും ശേഷമേ അതേക്കുറിച്ച് ചിന്തിക്കൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആ സമയം ഉടൻ വരും. വിദേശരാജ്യങ്ങളിൽ എങ്ങനെയാണ് സ്കൂളുകൾ വീണ്ടും തുറന്നതെന്നും വ്യാപനത്തിനു പിന്നാലെ അടയ്ക്കേണ്ടി വന്നതെന്നും നാം പരിഗണിക്കണം. അധ്യാപകരും കുട്ടികളും അത്തരമൊരു സാഹചര്യത്തിലെത്താൻ നാം ആഗ്രഹിക്കുന്നില്ല- നീതി ആയോഗ്(ആരോഗ്യം) അംഗം വി.കെ. പോൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മഹാമാരിക്ക് നമ്മെ മുറിവേൽപിക്കാൻ കഴിയില്ലെന്ന ആത്മവിശ്വാസം ഇല്ലാതിരിക്കുന്നിടത്തോളം സ്കൂളുകൾ തുറക്കാനാവില്ലെന്നും പോൾ പറഞ്ഞു.പതിനെട്ടു വയസ്സിൽ താഴെയുള്ള കുട്ടികളിലും കോവിഡിന് എതിരായ ആന്റിബോഡികൾ രൂപപ്പെട്ടുവെന്നും അതിനാൽ മൂന്നാംതരംഗം ഉണ്ടാവുകയാണെങ്കിൽ അത് കുട്ടികളെ ബാധിക്കാനിടയില്ലെന്നുമുള്ള എയിംസിന്റെയും ലോകാരോഗ്യസംഘടനയുടെയും സർവേയുടെ പശ്ചാത്തലത്തിലാണ് പോളിന്റെ പരാമർശം. അതേസമയം, സ്കൂളുകൾ തുറക്കാമെന്നും വിദ്യാർഥികൾ സാമൂഹിക അകലം പാലിക്കേണ്ടതില്ല എന്നുമല്ല സർവേ ഫലം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂളുകൾ എന്ന് തുറക്കുമെന്ന ചോദ്യത്തിന്റെ ഒരു ഘടകം മാത്രമാണ് കുട്ടികളിലെ സീറോ പോസിറ്റിവിറ്റി നിരക്കിനെ കുറിച്ചുള്ള കണ്ടെത്തൽ എന്നും പോൾ കൂട്ടിച്ചേർത്തു.

സ്കൂളുകൾ വീണ്ടും തുറക്കുക എന്നത് വ്യത്യസ്തമായ ഒരു വിഷയമാണ്. അത് കുട്ടികളെ കുറിച്ച് മാത്രമുള്ളതല്ല. അധ്യാപകരും അനധ്യാപകരും ഒക്കെ ഉൾപ്പെട്ടതാണ്. ആർജിത പ്രതിരോധ ശേഷിയെന്നത് വെറും അഭ്യൂഹം മാത്രമാണ്. വൈറസ് രൂപം മാറുമോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് പരിഗണിക്കേണ്ടതുണ്ട്. ഇന്ന് കുട്ടികളിൽ കോവിഡിന്റെ തീവ്രത കുറവാണ്, എന്നാൽ നാളെ ഗുരുതരമായാൽ എന്തുചെയ്യും-പോൾ ആരാഞ്ഞു.കോവിഡ് ഒന്നാംതരംഗം അവസാനിച്ചതിനു പിന്നലെ ചില സംസ്ഥാനങ്ങളിൽ സ്കൂളുകൾ പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ രണ്ടാംതരംഗം ആരംഭിച്ചതിനു പിന്നാലെ ക്ലാസുകൾ വീണ്ടും ഓൺലൈനിലേക്ക് മാറുകയായിരുന്നു.

Leave A Reply

Your email address will not be published.