Ultimate magazine theme for WordPress.

ഒമിക്രോൺ അപകടകാരിയല്ലെന്ന വാദങ്ങൾ തള്ളി ലോകാരോഗ്യ സംഘടന.

ജനീവ: കൊവിഡ്-19ൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ അപകടകാരിയല്ലെന്ന വാദങ്ങൾ തള്ളി ലോകാരോഗ്യ സംഘടന. മുൻപ് റിപ്പോർട്ട് ചെയ്ത കൊവിഡിൻ്റെ വകഭേദങ്ങളെ പോലെ തന്നെ ഒമിക്രോണും അപകടകാരിയാണ്. നിരവധിയാളുകൾ ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു കഴിഞ്ഞു. ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ പേരിലേക്ക് വ്യാപിക്കുന്ന പ്രവണതയാണ് ഒമിക്രോണിനുള്ളതെന്നും ഡബ്ല്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ ആശുപത്രികൾ നിറയുന്ന സാഹചര്യമാണ് ഒമിക്രോൺ വ്യാപനം മൂലമുണ്ടായിരിക്കുന്നത്. കൊവിഡ് പ്രതിരോധ വാക്സിനേഷൻ പൂർത്തിയാക്കവരിൽ ഡെൽറ്റയെ അപേക്ഷിച്ച് കുറച്ച് ആരോഗ്യ പ്രശ്നങ്ങൾ മാത്രമേ ഒമിക്രോൺ ബാധിച്ചാൽ ഉണ്ടാകുന്നുള്ളൂ എന്നത് കൊണ്ട് ഒമിക്രോണിനെ നിസാരമായി കാണാൻ സാധിക്കില്ല. മറ്റ് വകഭേദങ്ങളെ പോലെ തന്നെ മരണങ്ങൾക്ക് കാരണമാകുന്ന വകഭേദം തന്നെയാണ് ഒമിക്രോൺ എന്നും ഗെബ്രിയേസസ് പറഞ്ഞു. കൊവിഡ് പ്രതിരോധ വാക്സിനുകൾ എല്ലാ രാജ്യങ്ങളിലും എത്തിക്കുകയും ആളുകൾക്ക് നൽകുകയും ചെയ്യാത്തതിൻ്റെ ഫലം കൂടിയാണ് പുതിയ വകഭേദങ്ങളുടെ കടന്നുവരവ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിലടക്കം വാക്സിനുകൾ എത്തിക്കുന്നതിൽ സമ്പന്ന രാജ്യങ്ങൾ ഇനിയും തയ്യാറാകണം. ഒമിക്രോൺ വകഭേദം അവസാനത്തെയാണെന്നും ഇതോടെ കൊവിഡ് കേസുകൾ അപ്രത്യക്ഷമാകുമെന്ന് പറയാൻ കഴിയില്ലെന്നും ഗെബ്രിയേസസ് പറയുകയുണ്ടായി. ലോകമെമ്പാടുമുള്ള കേസുകളിൽ അതിവേഗത്തിലുള്ള വർധനയാകും ഉണ്ടാകുക. നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ കീഴടക്കുന്ന തരത്തിലായിരിക്കും വ്യാപനം. ലോകാരോഗ്യ സംഘടനയില്‍ ആകെ 194 രാജ്യങ്ങളുള്ളതില്‍ 92 രാജ്യങ്ങള്‍ക്കും 2021 അവസാനത്തോടെ ലക്ഷ്യമിട്ടിരുന്ന വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും ഡബ്ല്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.