Ultimate magazine theme for WordPress.

ക്രൈസ്തവ പള്ളികളിൽ നടത്തിവന്ന സര്‍വേ താല്‍ക്കാലികമായി നിര്‍ത്തിവച്ചു…. കര്‍ണാടക

കര്‍ണാടകയിലെ ക്രൈസ്തവ പള്ളികളിലും അനുബന്ധ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ നടത്തിവന്ന സര്‍വേ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കര്‍ണാടക ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജികള്‍ ഫയല്‍ ചെയ്തതോടെയാണിത്. പള്ളികള്‍, ബൈബിള്‍ സൊസൈറ്റികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവര ശേഖരണ സര്‍വേയാണ് 10 ദിവസമായി കര്‍ണാടകയില്‍ നടന്നുവന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ ലക്ഷ്യമിട്ടുള്ള സര്‍വേ നടത്താന്‍ പിന്നോക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ക്ഷേമം സംബന്ധിച്ച കമ്മിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഈമാസം 13 ന് സര്‍വേ ആരംഭിച്ചത്.

സമിതി ആക്ടിങ് ചെയര്‍മാനും, എം.എല്‍.എയുമായ ഗൂളിഹട്ടി ശേഖര്‍ തന്റെ മണ്ഡലമായ ഹൊസദുര്‍ഗയില്‍ മതപരിവര്‍ത്തനം വ്യാപകമാണെന്നും ‘തന്റെ അമ്മയെ പോലും മതപരിവര്‍ത്തനം ചെയ്‌തെന്നും ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ക്രിസ്ത്യന്‍ പള്ളികളിലും അനുബന്ധ സ്ഥാപനങ്ങളിലും സര്‍വേ നടത്തണമെന്നും നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ സര്‍വേക്ക് അനുമതി നല്‍കിയത്. ഇതിനുപിന്നാലെ ശേഖര്‍ തന്റെ മണ്ഡലത്തില്‍ ‘ഘര്‍ വാപ്‌സി’ പരിപാടി സംഘടിപ്പിച്ചു. നിരവധി കുടുംബങ്ങളെ ഹിന്ദു മതത്തിലേക്ക് തിരികെ കൊണ്ടുവന്നതായും ക്രിസ്തുമതം സ്വീകരിച്ച സ്വന്തം അമ്മയെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവന്നതായും അവകാശപ്പെട്ടു. പള്ളികളില്‍ സര്‍വേ നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ അപലപിച്ച് ക്രൈസ്തവ മതനേതാക്കളും പുരോഗമന ചിന്തകരും വ്യാപക പ്രതിഷേധമുയര്‍ത്തി.
സര്‍വേ പ്രായോഗികമല്ലെന്നും ഭരണഘടനാ വിരുദ്ധമാണെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്ന അവസ്ഥയുമുണ്ടായി.പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ പ്രതികരണം കാത്തിരിക്കുകയാണ് സര്‍ക്കാര്‍.

Leave A Reply

Your email address will not be published.