Ultimate magazine theme for WordPress.

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും നിര്‍ദേശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയാനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും നിര്‍ദേശിച്ച് സുപ്രീംകോടതി. ഇന്നലെയാണ് കോടതിയുടെ നിര്‍ദേശമുണ്ടായത്. കൊവിഡിന്റെ രണ്ടാം വ്യാപനം തടയാന്‍ സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടി സംബന്ധിച്ചുള്ള വിശദീകരണം ഉദ്യോഗസ്ഥരില്‍നിന്ന് കേട്ട ശേഷമായിരുന്നു കോടതിയുടെ നിര്‍ദേശം. ആളുകള്‍ ഒത്തുചേരുന്നതും പരിപാടികളും വിലക്കി സര്‍ക്കാറുകള്‍ ഉത്തരവിറക്കണം. പൊതുജന താല്‍പര്യാര്‍ഥം ലോക്ക്ഡൗണും പ്രഖ്യാപിക്കണം. ലോക്ക്ഡൗണില്‍ കുടുങ്ങാനിടയുള്ള അവശ വിഭാഗങ്ങളുടെ സംരക്ഷണത്തിന് നടപടികളും സ്വീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ചില്‍ രാജ്യത്ത് ആദ്യമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം ലക്ഷക്കണക്കിന് പേര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കുടുങ്ങിയിരുന്നു. അതേസമയം, കടുത്ത നിയന്ത്രണങ്ങളുണ്ടാകും എന്ന് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസവും പറഞ്ഞത്. സംസ്ഥാനത്ത് നിലവില്‍ ലോക്ക്ഡൗണ്‍ വേണ്ടെന്നായിരുന്നു മന്ത്രിസഭാ തീരുമാനം. 15 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ എന്ന കേന്ദ്ര നിര്‍ദേശം വന്നെങ്കിലും വേണ്ട എന്നായിരുന്നു സംസ്ഥാന തീരുമാനം, പകരം കര്‍ശന നിയന്ത്രണങ്ങളും രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ നിയന്ത്രണവും തുടരും. സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ജനജീവിതത്തെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍.

Leave A Reply

Your email address will not be published.