Ultimate magazine theme for WordPress.

പലസ്തീനുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ജോ ബൈഡന്‍ ഭരണകൂടം.

വാഷിങ്ടണ്‍: ഇസ്രായേലിനൊപ്പം ഫലസ്തീനുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നതായി ജോ ബൈഡന്‍ ഭരണകൂടം. ഐക്യരാഷ്ട്ര സഭയിലെ യു.എസ് ആക്ടിങ് പ്രതിനിധി റിച്ചാര്‍ഡ് മില്‍സാണ് രക്ഷാസമിതിയില്‍ ഇക്കാര്യമറിയിച്ചത്.
ഇസ്രായേല്‍, ഫലസ്തീന്‍ എന്നീ രണ്ടു രാജ്യങ്ങള്‍ സ്ഥാപിച്ചുകൊണ്ട് വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കത്തിന് പരിഹാരം കാണുക എന്ന നിര്‍ദേശത്തെ ബൈഡന്‍ സര്‍ക്കാര്‍ പിന്തുണക്കുന്നുവെന്ന് റിച്ചാര്‍ഡ് മില്‍സ് സെക്യൂരിറ്റി കൗണ്‍സിലിനോട് വ്യക്തമാക്കി.
ഫലസ്തീനില്‍ നയതന്ത്ര കാര്യാലയം ആരംഭിക്കാന്‍ സന്നദ്ധമാണ്. ഫലസ്തീന്‍ ജനതയുടെ സാമ്പത്തിക വികസനത്തിനും മാനുഷിക സഹായത്തിനും ഉതകുന്ന പദ്ധതികള്‍ പുനസ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായും റിച്ചാര്‍ഡ് മില്‍സ് വ്യക്തമാക്കി.

\’ഏകപക്ഷീയമായ നടപടികള്‍ ഒഴിവാക്കണമെന്ന് ഇസ്രായേലിനോടും ഫലസ്തീനോടും ആവശ്യപ്പെടും. രണ്ട് രാജ്യങ്ങളെന്ന പരിഹാരത്തിന് തടസ്സം സൃഷ്ടിക്കുന്ന ഭൂഭാഗങ്ങള്‍ പിടിച്ചെടുത്ത് രാജ്യത്തിന്റെ ഭാഗമാക്കല്‍, പാര്‍പ്പിടങ്ങള്‍ പണിയല്‍, ആക്രമണത്തിന് പ്രേരിപ്പിക്കല്‍, വസ്തുവകകള്‍ തകര്‍ക്കല്‍, തടവിലായവര്‍ക്ക് നഷ്ടപരിഹാരം നല്‍കല്‍ തുടങ്ങിയ നടപടികളില്‍ നിന്നെല്ലാം മാറിനില്‍ക്കണമെന്ന് ഇരുവരോടും ആവശ്യപ്പെടും.\’, റിച്ചാര്‍ഡ് മില്‍സ് പറഞ്ഞു.പതുക്കെയാണെങ്കിലും ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന തരത്തിലുള്ള സാഹചര്യം ഒരുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിനായി ഇരു രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും റിച്ചാര്‍ഡ് മില്‍സ് കൂട്ടിച്ചേര്‍ത്തു.ബൈഡന്‍ സ്വീകരിക്കാനൊരുങ്ങുന്ന ഈ നടപടികള്‍ ഫലസ്തീന്‍ നേതൃത്വത്തിനെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ളതല്ലെന്നും റിച്ചാര്‍ഡ് മില്‍സ് കൂട്ടിച്ചേര്‍ത്തു. \’സാധാരണക്കാരായ ഫലസ്തീന്‍ പൗരന്മാരെ സഹായിക്കാനും ഫലസ്തീനും ഇസ്രായേലിനും ഒരുപോലെ സ്വസ്ഥമായുള്ള അന്തരീക്ഷം സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നത്.\’ അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ഇസ്രായേലും അറബ് രാജ്യങ്ങളുമായുള്ള സമാധാന കരാറിന്നെ പിന്തുണക്കുന്നുവെങ്കിലും അത് ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്നത്തിനുള്ള പരിഹാരമാകുന്നില്ലെന്നും റിച്ചാര്‍ഡ് മില്‍സ് വ്യക്തമാക്കി. ട്രംപ് ഭരണകൂടം അവസാനിപ്പിച്ച ഫലസ്തീനുമായുള്ള നയതന്ത്ര നടപടികള്‍ പുനനാരംഭിക്കാനും ബൈഡന്‍ ഭരണകൂടം നീക്കം നടത്തുന്നുണ്ട്. കൂടാതെ, ഫലസ്തീന് സാമ്പത്തിക സഹായം നല്‍കുന്നത് പുനസ്ഥാപിക്കാനും അമേരിക്കക്ക് പദ്ധതിയുണ്ട്. 2018-ല്‍ ഫലസ്തീനുള്ള 200 മില്യണ്‍ ഡോളറിന്റെ സഹായം ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചിരുന്നു. ട്രംപിന്റെ \’നൂറ്റാണ്ടിന്റെ കരാര്‍\’ അംഗീകരിക്കുന്നതിനുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് സഹായം നിര്‍ത്തലാക്കിയത്.

Leave A Reply

Your email address will not be published.