Ultimate magazine theme for WordPress.

താജിക്കിസ്ഥാനില്‍ ആദ്യത്തെ കത്തോലിക്ക സന്യാസിനി ആശ്രമം

ദുഷാന്‍ബെ: അഫ്ഗാനിസ്ഥാനിൽ തീവ്രവാദി ആക്രമണങ്ങൾ രൂക്ഷമാകവേ അയൽരാജ്യമായ താജിക്കിസ്ഥാനിൽ കത്തോലിക്ക സഭ പുതിയ സന്യാസിമഠം കൂദാശ ചെയ്തു. രാജ്യം ദേശീയ ഐക്യദിനമായി ആചരിച്ച അന്നേദിവസം തന്നെയാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ നാമധേയത്തിലുള്ള സന്യാസിനി മഠം താജിക്കിസ്ഥാനിൽ തുറന്നത്. താജിക്കിസ്ഥാനിലെ ആദ്യത്തെ സന്യാസിമഠമാണിത്. ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി ഇൻകാർനേറ്റ് വേർഡിനാണ് മഠത്തിന്റെ നടത്തിപ്പ് ചുമതലയുള്ളത്. കമ്മ്യൂണിസത്തിന്റെ പിടിയിലമർന്ന സമയത്തും മധ്യേഷ്യയിൽ മിഷൻ പ്രവർത്തനങ്ങൾ നടത്താൻ മുൻകൈയെടുത്ത മാർപാപ്പയാണ് ജോൺ പോൾ മാർപാപ്പ. അതിനാലാണ് പാപ്പയുടെ പേര് തന്നെ മഠത്തിനിടാൻ സഭാനേതൃത്വം തീരുമാനിച്ചത്.

ഉസ്ബക്കിസ്ഥാനിലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ ഫാ. ജേർസി മകുലിവിക്സ് അർപ്പിച്ച വിശുദ്ധ കുർബാനയായിരുന്നു കൂദാശ ചടങ്ങിലെ പ്രധാനപ്പെട്ട ഭാഗം. കൂദാശയോടനുബന്ധിച്ച് അർജന്റീനയുടെ മധ്യസ്ഥയായ ലുജാനിലെ കന്യാകാ മാതാവിന്റെ രൂപം വഹിച്ചുകൊണ്ട് പ്രദക്ഷിണവും നടന്നു. ഡുഷാൻബേയിൽ സ്ഥിതിചെയ്യുന്ന മഠത്തിലേക്ക് ഉസ്ബക്കിസ്ഥാൻ, അർജൻറീന, പരാഗ്വേ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നാല് സന്യാസിനികളും എത്തിച്ചേർന്നിട്ടുണ്ട്. രാജ്യത്ത് ആകെയുള്ള രണ്ട് കത്തോലിക്കാ ദേവാലയങ്ങളിൽ ഒന്നായ സെന്റ് ജോസഫ് ദേവാലയം ഇതിനടുത്താണ് സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 120 കത്തോലിക്കാ വിശ്വാസികളാണുള്ളത്. അഫ്ഗാനിസ്ഥാനിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നതിന് മുമ്പ് മഠത്തിന്റെ പണിതീർന്നത് ഒരു ദൈവിക പദ്ധതിയായി കാണുന്നുവെന്ന് രാജ്യത്തെ കത്തോലിക്കാ വിശ്വാസികളുടെ അജപാലനപരമായ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്ന ഫാ. പെട്രോ ലോപ്പസ് പറഞ്ഞു.

Leave A Reply

Your email address will not be published.