Ultimate magazine theme for WordPress.

മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചിട്ടില്ല; എഫ്സിആര്‍എ അപേക്ഷ നിരസിച്ചു: കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടില്ലെന്നും വിദേശത്തു നിന്നു പണം സ്വീകരിക്കാനുള്ള എഫ്സിആര്‍എ രജിസ്ട്രേഷന്‍ പുതുക്കാനുള്ള അപേക്ഷ നിരസിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള അനുമതിയ്ക്കായുള്ള യോഗ്യതാ നിര്‍ദ്ദേശം മിഷണറീസ് ഓഫ് ചാരിറ്റിക്ക് ഇല്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതിനേക്കുറിച്ച് പറയുന്നത്.

ഇതിനിടെ പ്രസ്താവനയുമായി മിഷ്ണറീസ് ഓഫ് ചാരിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്നും എഫ്‌സി‌ആര്‍‌എ പുതുക്കുവാനുള്ള അപേക്ഷ അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചതായും സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ പ്രേമ പ്രസ്താവനയില്‍ അറിയിച്ചു. ഒക്ടോബര്‍ 31 വരെയാണ് സന്യാസ സമൂഹത്തിന് എഫ്‌സി‌ആര്‍‌എ രെജിസ്ട്രേഷന്‍ കാലാവധിയുണ്ടായിരിന്നത്. അതേസമയം ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞു കേന്ദ്ര സര്‍ക്കാര്‍ കൈയൊഴിയുമ്പോഴും എഫ്‌സി‌ആര്‍‌എ പുതുക്കാനുള്ള അപേക്ഷ നിരസിച്ച നടപടി സന്യാസ സമൂഹത്തിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം വിദേശ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമാക്കി നിയമഭേദഗതി വരുത്തിയിരുന്നു. മദർ തെരേസയുടെ ഇന്ത്യയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്ര മന്ത്രാലയം മരവിപ്പിച്ചുവെന്ന് കേട്ടത് ഞെട്ടല്‍ ഉളവാക്കിയെന്നും സമൂഹത്തെ ആശ്രയിച്ച് കഴിയുന്ന 22,000 രോഗികളും ജീവനക്കാരുമാണ് ഇതേ തുടര്‍ന്നു കഷ്ട്ടതയിലായിരിക്കുന്നതെന്നും നീതി നടപ്പാക്കേണ്ടത് അത്യാവശ്യമാണെങ്കിലും മനുഷ്യാവകാശ പ്രവർത്തനങ്ങളില്‍ ഇത് പാടില്ലായിരിന്നുവെന്നുമായിരിന്നു മമത ബാനര്‍ജി ഇന്ന്‍ ഉച്ചയ്ക്ക് ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം, മതപരിവർത്തനം നടക്കുന്നുവെന്ന വ്യാജ ആരോപണം ഉന്നയിച്ചു മിഷ്ണറീസ് ഓഫ് ചാരിറ്റിക്ക് എതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തിരുന്നു.

Leave A Reply

Your email address will not be published.