Ultimate magazine theme for WordPress.

പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണം; സുപ്രീം കോടതിയിൽ കേരളം

ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയിൽ. പ്ലസ് വൺ പരീക്ഷ ഓൺലൈനായി നടത്താനാകില്ല. കംപ്യൂട്ടറും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഇല്ലാത്ത പല കുട്ടികളും പരീക്ഷയിൽ നിന്നും പുറത്താകുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.പ്ലസ് വൺ മൂല്യനിര്‍ണയം നേരത്തെ നടത്തിയ മോഡൽ പരീക്ഷയുടെ അടിസ്ഥാനത്തിൽ നടത്താനാകില്ല. വീടുകളിൽ ഇരുന്ന് കുട്ടികള്‍ എഴുതിയ മോഡൽ പരീക്ഷ മാനദണ്ഡമാക്കാനാകില്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം. കേരളത്തിലെ സാങ്കേതിക സര്‍വകലാശാലയിലെ ബിടെക് പരീക്ഷയ്ക്ക് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. അന്ന് ഒരു ലക്ഷത്തിലധികം കുട്ടികള്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് പരീക്ഷ എഴുതിയിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. പ്ലസ് ടു യോഗ്യത നേടാത്ത നിരവധി കുട്ടികളുടെ അവസാന സാധ്യത കൂടിയാണ് ഇത്തവണത്തെ പ്ലസ് വൺ പരീക്ഷ. ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ആ കുട്ടികളുടെ മൂല്യ നിര്‍ണയം നടക്കേണ്ടത്. അതുകൊണ്ട് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താൻ സര്‍ക്കാരിനെ അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നത്. പ്ലസ് വൺ പരീക്ഷയ്ക്ക് എതിരെയുള്ള ഹര്‍ജികള്‍ തള്ളണമെന്നും സര്‍‍ക്കാര്‍ ആവശ്യപ്പെടുന്നു.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്തുന്നതിന് ബുദ്ധിമുട്ടുകള്‍ ഇല്ല. ഒക്ടോബറിൽ മൂന്നാം തരംഗം ഉണ്ടാകുന്നതിന് മുൻപ് പരീക്ഷ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കേസ് ഈ മാസം പതിമൂന്നാം തീയതിയാണ് സുപ്രീം കോടതി പരിഗണിക്കാൻ പോകുന്നത്.അതേസമയം, ഓൺലൈന്‍ ക്ലാസുകളാണ് പ്ലസ് വണ്ണിന് നടന്നത്, ക്ലാസുകള്‍ പലതും കൃത്യമായല്ല നടന്നത് അതുകൊണ്ട് പരീക്ഷാ നടത്തിപ്പ് ഒരു കാരണവശാലും അനുവദിക്കരുതെന്നാണ് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നത്. കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുമ്പോൾ നേരിട്ടുള്ള പരീക്ഷ നടത്തിപ്പ് അംഗീകരിക്കില്ലെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. കൊവിഡിനെ പിടിച്ചുകെട്ടാൻ സാധിക്കാത്തതിൽ കേരളത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തിൽ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യത്തിൽ ഗൗരവകരമായ ആലോചനകള്‍ നടക്കുന്നുണ്ടെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് വിദഗ്ദ്ധരുമായി ചര്‍ച്ച നടത്തിവരികയാണെന്നും വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച വിദ്യാർഥികളുടെയും അധ്യാപകരുടെയും കണക്കെടുത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിന് നൽകും. ഇത് അടിസ്ഥാനമാക്കി വാക്സിനേഷൻ ക്യാമ്പുകൾ സജ്ജമാക്കും. കോളേജുകളിൽ വാക്സിനേഷൻ സൗകര്യം ഒരുക്കും. കോളേജുകൾ തുറക്കുന്നതിനാൽ വിദ്യാർഥികൾക്ക് കൊവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോളേജിലെത്തുന്ന മുൻപ് തന്നെ ആദ്യ ഡോസ് എടുത്തിരിക്കണം. രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവർ അതും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.