ഈ നൊമ്പരം രാഷ്ട്രിയ കൊലപാതകങ്ങൾക്കിടയിൽ ആരു കേൾക്കാൻ
ഈ നൊമ്പരം രാഷ്ട്രിയ കൊലപാതകങ്ങൾക്കിടയിൽ ആരു കേൾക്കാൻ
കച്ചവട രാഷ്ട്രിയത്തിനും ജാതി കോമരങ്ങൾക്കും മത തീവ്രവാദങ്ങൾക്കും അപ്പുറം എല്ലാവരുടെയും ഞരമ്പുകളിൽ ഒഴുകുന്ന രക്തത്തിൻ്റെ നിറം എന്തെന്ന് ചോദിച്ചാൽ ലഭ്യമാകുന്ന ഒരേയൊരുത്തരം ചുവപ്പെന്നാകും…!
നാടിന് നന്മ ചെയ്യേണ്ടതിന് പകരം ശരിയും തെറ്റും നോക്കാതെ സോഷ്യൽ മീഡിയയിൽ ന്യായികരിക്കാനും ആശയത്തെ ആശയങ്ങൾ കൊണ്ട് നേരിടാതെ വടിവാളും കത്തിയും കൊണ്ട് നേരിടാനും പോകുമ്പോൾ കുരുതിക്കളമായി തീരുകയാണ് ഈ കൊച്ചു കേരളം..!
ഇതാ..ഓണത്തലേന്ന് അർദ്ധരാത്രിയിൽ വെഞ്ഞാറമൂടില്‍ കൊല്ലപ്പെട്ട സി.പി ഹഖ് മുഹമ്മദും മിഥിലാജുമായിരുന്നു മലയാളിയുടെ ഇന്നലത്തെ ചൂടുപിടിച്ച ചർച്ച….!
ഒപ്പമുണ്ടായിരുന്ന ഷഹിന്‍ എന്ന യുവാവാകട്ടെ അക്രമികളുടെ പക്കൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത് പരിക്കുകളോടെ;
മറ്റുള്ളവരെ തടഞ്ഞ് നിര്‍ത്തി മുഖത്തും നെഞ്ചിലും ആഞ്ഞുവെട്ടുകയായിരുന്നു ഗുണ്ടാസംഘം…!
കണ്ണിന് പകരം കണ്ണും പല്ലിന് പകരം പല്ലും ചോരയ്ക്ക് ചോരയും എന്ന പഴയ കിരാത ഗോത്ര നിയമം പോലെയാണ് രാഷ്ട്രീയ പാര്‍ട്ടികൾ തമ്മിലുള്ള ഇപ്പോഴത്തെ മത്സരം…!
ഓരോ സംഭവങ്ങളിലും അണികളില്‍ രൂപം കൊള്ളുന്ന അസംതൃപ്തിയും കൊഴിഞ്ഞുപോക്കുമെല്ലാം തടയാൻ ഭയത്തിന്‍റെ അന്തരീക്ഷം നാട്ടിൽ സൃഷ്ടിക്കേണമെന്നാവും
ഇത്തരം ഇടപെടലുകള്‍ കൊണ്ട് ഓരോ പാര്‍ട്ടിയും ഉദ്ദേശിക്കുന്നത്….!
അക്രമണങ്ങളിൽ രക്തസാക്ഷികളാകുന്നത് നേതാക്കളല്ല മറിച്ച് സാധാരണക്കാരായ, രാഷ്ട്രിയ തിമിരം ബാധിച്ച അനുയായികളാണെന്ന് ആരും മറക്കേണ്ട…!
ഈ ഗുണ്ടാസംഘങ്ങള്‍ക്ക് കേസൊതുക്കാനുള്ള താൽക്കാലിക പിന്തുണയും പണവും നല്‍കി അധികാരക്കസേരയിൽ മുറുക്കി പിടിച്ചിരിക്കയാണ് നേതൃത്വം…!
കോടികളുടെ ലാഭമുണ്ടാക്കുന്ന ഈ ബിസിനസിൽ അവർക്കോ കുടുംബാംഗങ്ങൾക്കോ ഒരു രോമം പോലും മുതൽ മുടക്കില്ല…!
നാട്ടിൽ നിർബാധം തുടരുന്ന രാഷ്ട്രിയ കൊലപാതങ്ങൾ കൊണ്ട് ആർക്കാണ് നേട്ടമെന്ന് ചോദിച്ചാൽ കോട്ടത്തെ കുറിച്ച് പറയാനാവും സാധാരണക്കാർക്ക് ധാരാളമുള്ളത്…!
അതിൽ അനാഥമാകുന്ന ബാല്യങ്ങളും അകാലത്തിൽ വിധവമാരായവരും മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളും ഉറ്റവരില്ലാതായ സഹോദരങ്ങളും ഉൾപ്പെടും…!
നാടൊട്ടാകെ അവരുടെ നിലവിളി ഉയരുന്നുമുണ്ട്..!
പക്ഷേ അതൊക്കെ കേൾക്കാൻ ഇവിടെ ആർക്കാണ് നേരം…?
ചങ്ക് മിത്രങ്ങൾ പോലും പിന്നങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല; നോക്കിയിട്ട് എന്ത് കാര്യമെന്ന ചോദ്യം പിന്നെയും ബാക്കി…!
കഴിഞ്ഞ ദിവസത്തെ സംഭവത്തിൽ മാത്രം രണ്ട് കുടുംബങ്ങളാണ് അനാഥമായത്…!
അച്ഛന്മാരില്ലാതായ പിഞ്ചു കുഞ്ഞുങ്ങൾ..!
അവരുടെ കണ്ണിൽ മാത്രം നോക്കി അവർക്കായി ജീവിച്ചവർ..!
ഇതിൽ ഒരാളുടെ ഭാര്യയാകട്ടെ ഗർഭിണിയും…!
രാഷ്ട്രിയ തർക്കങ്ങൾ വടിവാളിൽ തീർക്കുന്ന സാംസ്കാരം സാക്ഷര കേരളത്തിന് ഭൂഷണമല്ലെന്ന് ഓർക്കുക..!
സാക്ഷര കേരളത്തിന് അപമാനമുണ്ടാക്കുകയും ചെയ്യുന്നു…!
കൊലപാതക പാർട്ടികൾക്ക് വോട്ട് തരില്ലെന്ന് ജനം തീരുമാനിച്ചാൽ തീരാവുന്നതേയുള്ളു ഈ പ്രശ്നങ്ങൾ…!
രാഷ്ട്രീയം ജനസേവനത്തിന് വേണ്ടിയുള്ളതാണെന്ന ചിന്തയില്ലാതാവുമ്പോഴാണ് കാര്യങ്ങൾ ജീവനെടുക്കുക എന്ന പ്രാകൃതരീതിയിലേക്ക് നീങ്ങുന്നത്…!
വെട്ടിപ്പിടിക്കുന്ന,സ്വാർത്ഥതയുടെ രാഷ്ട്രിയ ശൈലിയാണ് ഇന്ന് സ്‌കൂൾ കുട്ടികൾക്ക് പോലും കിട്ടുന്നത്…!
പാഠപുസ്തകങ്ങളിൽ അവർ പഠിച്ച മഹാത്മ ഗാന്ധിയും ഭഗത് സിംഗും ഇപ്പോൾ എവിടെയാണുള്ളത്…?
അഗ്‌നി ചൊരിയുന്ന വടിവാളുകളുടെ അന്തരീക്ഷമല്ല, മറിച്ച് സ്‌നേഹം പകരാൻ ആരാദ്യം ആരാദ്യം എന്ന പരസ്പരം മത്സരിക്കുന്നതാകണം രാഷ്ട്രീയം..!
തർക്കങ്ങൾ കൊന്നുതീർത്തു കളയാമെന്ന് വിചാരിക്കുന്നത് പോലെ മറ്റൊരു വിഡ്ഢിത്തം ലോകത്തില്ല…!
പകരം മറുപക്ഷത്തെയും പ്രതിപക്ഷത്തെയും ഒപ്പം ജീവിക്കാൻ അനുവദിക്കണം…!
അവരില്ലെങ്കിൽ പിന്നെ എന്ത് ജനാധിപത്യം..?
സ്വതന്ത്രമായി ചിന്തിച്ച് തെറ്റിനെ തെറ്റായി കാണാനും ശരിയെ പൂർണ്ണമായി അംഗികരിക്കാനും കഴിയുന്ന ഒരു ലോകത്ത് ഗുണ്ടാ പ്രവർത്തനങ്ങൾക്കും ന്യായികരണ തൊഴിലാളികൾക്കും യാതൊരു പ്രസക്തിയുമില്ല…!
വെഞ്ഞാറമൂട് കവലയിൽ വടിവാൾ വീശുന്നവരുടെ ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ..!
ഇതൊക്കെ എന്ത് സന്ദേശമാണ് സ്വന്തം അനുയായികൾക്കും പുത്തൻ തലമുറക്കും നൽകുന്നത്…?
മൂല്യത്തകർച്ച നേരിടുന്ന രാഷ്ട്രിയവും ഗുണ്ടാസംഘങ്ങളും ഈ നാട്ടിൽ വേണ്ടെന്ന് തീരുമാനിക്കാൻ ആർക്കാണ് കഴിയുക…?
അഥവാ അതിനെ മൂല്യമുള്ളതാക്കാൻ ആർക്കാണാവുക…?
ഇരുളിന്റ മറവിൽ നന്മയുടെ കുതികാൽ വെട്ടുന്നവർ വീണ്ടും മുഷ്ടി ചുരുട്ടി ഉറക്കെ വിളിക്കുകയാണ്:
\”ഞങ്ങളിലൊന്നിനെ തൊട്ടെന്നാൽ അക്കെെ വെട്ടും കട്ടായം…!\”
എല്ലാ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ശേഷവും ഇത് അവസാനത്തേതാകണം എന്നൊരു ഭംഗിവാക്ക് സാംസ്കാരിക നേതാക്കൾ പങ്കുവെക്കാറുണ്ട്…!
മിഥ്‌ലാജിന്റെയും ഹഖ് മുഹമ്മദിന്റെയും കാര്യത്തിലും സ്ഥിതി വിഭിന്നമല്ല…!
ബ്ലസിൻ ജോൺ മലയിൽ