Ultimate magazine theme for WordPress.

ക്രിസ്ത്യന്‍ നേതാക്കളോട് ഒന്നിക്കുവാന്‍ പാപ്പയുടെ ആഹ്വാനം

ബ്രാറ്റിസ്ലാവ: അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി സ്ലോവാക്യയില്‍ എത്തിച്ചേര്‍ന്ന പാപ്പക്ക് സ്ലോവാക്യന്‍ ജനത നല്‍കിയത് ആവേശോജ്ജ്വലമായ വരവേല്‍പ്പ്. ഇന്നലെ സെപ്റ്റംബര്‍ 12-ന് സ്ലോവാക്യയുടെ തലസ്ഥാനമായ ബ്രാറ്റിസ്ലാവയിലെ അന്താരാഷ്ട്ര വിമാനതാവളത്തില്‍ പാപ്പയെ സ്വീകരിക്കുവാന്‍ പുരുഷന്‍മാരും സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് തടിച്ചു കൂടിയിരുന്നത്. വിമാനത്തില്‍ നിന്നും പടികളിറങ്ങി വന്ന പാപ്പയെ കണ്ട ഉടന്‍ തന്നെ പരമ്പരാഗത രീതിയിലുള്ള സ്ലോവാക്യന്‍ വസ്ത്രങ്ങള്‍ ധരിച്ചെത്തിയ ആളുകള്‍ മഞ്ഞ നിറത്തിലും, വെള്ള നിറത്തിലുമുള്ള പതാകകള്‍ വീശികൊണ്ട് ആര്‍പ്പുവിളികളുമായി വരവേല്‍ക്കുകയായിരുന്നു.

സ്ലോവാക്യന്‍ പ്രസിഡന്റ് സൂസന്ന കപുട്ടോവ നേരിട്ടെത്തിയാണ് പാപ്പയെ സ്വീകരിച്ചത്. ഔദ്യോഗിക സ്വീകരണത്തിനു ശേഷം അപ്പസ്തോലിക കാര്യാലയത്തില്‍ സഭാനേതാക്കളുടെ സമ്മേളനത്തില്‍ പങ്കെടുത്ത് വര്‍ഷങ്ങളോളം നിരീശ്വരവാദ ഭരണകൂടത്തിന്റെ കീഴില്‍ കഴിഞ്ഞ സ്ലോവാക്യയിലെ നിലവിലെ മതസ്വാതന്ത്ര്യത്തേക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. ക്രിസ്തീയ ഐക്യം അത്യാവശ്യമാണെന്ന് പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.കത്തോലിക്ക സഭയുടേയും, ഓര്‍ത്തഡോക്സ് സഭയുടേയും വിഭജനത്തിനു മുന്‍പ് ഒമ്പതാം നൂറ്റാണ്ടില്‍ മധ്യ-കിഴക്കന്‍ യൂറോപ്പിന്റെ സുവിശേഷവല്‍ക്കരണത്തില്‍ പ്രധാന പങ്കുവഹിച്ച് വിശുദ്ധരായ സിറിലിന്റേയും മെത്തഡിയൂസിന്റേയും മാതൃകകളെ ഉദ്ധരിച്ചുകൊണ്ട് സ്ലോവാക്യയുടെ സുവിശേഷവല്‍ക്കരണം സാഹോദര്യത്തില്‍ നിന്നുമാണ് തുടങ്ങിയതെന്ന് പാപ്പ പറഞ്ഞു. പൂർണ്ണമായ കൂട്ടായ്മയിൽ വേരുറപ്പിക്കാത്തപ്പോൾ യൂറോപ്പ് അതിന്റെ ക്രിസ്ത്യൻ വേരുകൾ വീണ്ടും കണ്ടെത്തുമെന്ന് നമുക്ക് എങ്ങനെ പ്രതീക്ഷിക്കാന്‍ കഴിയുമെന്ന് പാപ്പ ചോദ്യമുയര്‍ത്തി.

സ്ലോവാക്യയിലെ എക്യുമെനിക്കല്‍ സഭാ സമിതികളുടെ അധ്യക്ഷനായ ലൂഥറന്‍ മെത്രാന്‍ ഐവാന്‍ എല്‍ക്കോ, ജൂത മതസമുദായങ്ങളുടെ സെന്‍ട്രല്‍ യൂണിയന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് ഡൂഡ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തിന് ശേഷം സ്ലോവാക്യയിലെ ഈശോ സഭാംഗങ്ങളുമായി പാപ്പ സ്വകാര്യ കൂടിക്കാഴ്ച നടത്തി. സെപ്റ്റംബര്‍ 15-ന് വത്തിക്കാനിലേക്ക് മടങ്ങുന്നതിനു മുന്‍പായി സാസ്റ്റിന്‍-സ്ട്രേസില്‍ ഫ്രാന്‍സിസ് പാപ്പ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

Leave A Reply

Your email address will not be published.