Ultimate magazine theme for WordPress.

ആരാധനാലയങ്ങളും മത സ്ഥാപനങ്ങളും വിദേ്വഷം പ്രചരിപ്പിക്കുന്നതിന് കുട്ടികളെ ഉപയോഗിക്കരുത്

-ബാലാവകാശ കമ്മീഷന്‍

ആരാധനാലയങ്ങളും മത സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് അന്യമത വിദേ്വഷം പ്രചരിപ്പിക്കുന്നതിനോ ആയുധ പരിശീലനത്തിനോ തീവ്രവാദ പ്രവര്‍ത്തിക്കോ കുട്ടികളെ ഉപയോഗിക്കുന്നതായി പരാതി ലഭിച്ചാല്‍ അടിയന്തിര നിയമനടപടി സ്വീകരിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. മതപരമായ സംവിധാനത്തിനകത്ത് മാത്രം കുട്ടികളെ തളച്ചിടുന്നത് അവസാനിപ്പിക്കണം. അന്യമത വിദ്വേഷം വളര്‍ത്തി തീവ്രവാദ സ്വഭാവത്തിലേക്ക് കുട്ടികളെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാനും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍, അംഗങ്ങളായ ബബിത. ബി, സി. വിജയകുമാര്‍ എന്നിവരുടെ ഫുള്‍ ബഞ്ച് ഉത്തരവായി.

കുട്ടികളുടെ സമഗ്ര വികസനത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനും തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശികതലത്തില്‍ കലാ- കായിക സാംസ്‌കാരിക സംരംഭങ്ങള്‍ സജീവമാക്കാനും നടപടിസ്വീകരിക്കണം. കുട്ടികളില്‍ മതേതരവും, ശാസ്ത്രീയവുമായ അവബോധം സൃഷ്ടിക്കുന്നതിന് ആവശ്യമായ പാഠ്യപദ്ധതികള്‍ക്ക് രൂപം നല്‍കാനും സംസ്ഥാന പോലീസ് മേധാവിക്കും, വനിതാ-ശിശു വികസന വകുപ്പ് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍ക്കും കമ്മീഷന്‍ നര്‍ദ്ദേശം നല്‍കി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടന്ന റാലിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെക്കൊണ്ട് പ്രകോപനപരവും മത വിദേ്വഷമുണ്ടാക്കുന്ന തരത്തിലുമുള്ള മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ സ്വീകരിച്ച നടപടിയിന്മേലാണ് ഉത്തരവ്.

ഒരു രാജ്യത്തിന്റെ ഭാവി അവിടെ അധിവസിക്കുന്ന കുട്ടികളുടെ കൈകളിലാണ്. അതുകൊണ്ടുതന്നെ രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തിന്റെ ചാലക ശക്തികളായി അവരെ വളര്‍ത്തിയെടുക്കണമെങ്കില്‍ മതേതരബോധവും ജനാധിപത്യ വിശ്വാസവും ശാസ്ത്രബോധവുമുള്ള ഒരു തലമുറയായി അവരെ മാറ്റിയെടുക്കേണ്ടതുണ്ടെന്ന് വിലയിരുത്തിയ കമ്മീഷന്‍ 2005 – ലെ ബാലാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുളള കമ്മീഷനുകള്‍ നിയമത്തിലെ 15-ാം വകുപ്പ് പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്മേല്‍ ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിച്ച നടപടി 60 ദിവസത്തിനകം കമ്മീഷനെ അറിയിക്കാനും നിര്‍ദ്ദേശം നല്‍കി.

Leave A Reply

Your email address will not be published.